Hollywood

ഫൈനല്‍ ഡെസ്റ്റിനേഷനില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; ആറാം പതിപ്പ് അടുത്തവര്‍ഷം

ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ മരണങ്ങള്‍ കാണിച്ചുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ ഭീതിപ്പെടുത്തിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമകള്‍ ഇതുവരെ കൊലപ്പെടുത്തിയ മനുഷ്യരുടെ എണ്ണം 500ലധികമാണ്. 2000 ല്‍ വന്ന ആദ്യ സിനിമ മുതല്‍ 2011 ല്‍ പുറത്തുവന്ന അഞ്ചാം ഭാഗം വരെ സിനിമയില്‍ ആകെക്കൂടി രക്ഷപ്പെട്ടത് വെറും രണ്ടേരണ്ടു പേരാണ്. അടുത്തവര്‍ഷം സിനിമയുടെ ആറാം പതിപ്പ് വരുമെന്നാണ് റിപ്പോര്‍ട്ട്.

ഹൊറര്‍ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെയും ഏറ്റവും അവസാനത്തേതുമായ ഭാഗം 2011 ലാണ് പുറത്തുവന്നത്. ഫ്രാഞ്ചൈസിയുടെ ഒരു തിരിച്ചുവരവിനായി ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ആറാമത്തെ ചിത്രം ഒടുവില്‍ നിര്‍മ്മാണത്തിനായി തയ്യാറെടുക്കുകയാണ്. ഒരു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഫൈനല്‍ ഡെസ്റ്റിനേഷന്‍ 6 പരമ്പരയുടെ ഒരു ‘റീബൂട്ട്’ ആയിരിക്കുമെന്നാണ്.

ഹോളിവുഡിലെ പണിമുടക്കിന് മുമ്പ് തന്നെ ഈ ചിത്രം നിര്‍മ്മാണത്തോട് അടുത്തിരുന്നതായും ഇത് ശരിക്കും പുതുമയുള്ള ആശയമാണെന്നും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായ റേച്ചല്‍ ഒ ടൂള്‍ പറഞ്ഞു. ചിത്രത്തിന്റെ പ്ലോട്ട് വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. നടന്‍ ടോണി ടോഡ് വില്യം ബ്ലഡ്വര്‍ത്തായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌ക്രീന്‍ റാന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ‘പുതിയ ടേക്ക്’ എന്തുതന്നെയായാലും, അത് പ്രേക്ഷകരെ ശരിക്കും അത്ഭുതപ്പെടുത്തും.

അസാധാരണമായ മരണങ്ങള്‍ കാണിക്കുന്ന സിനിമയില്‍ ഇതുവരെ 503 പേര്‍ മരണപ്പെടുന്നതാണ് കാണിച്ചിട്ടുള്ളത്. സിനിമയുടെ പരമ്പരയില്‍ എറ്റവും കുറവ് മരണം കാണിച്ചത് 2003 ല്‍ വന്ന രണ്ടാം പതിപ്പിലായിരുന്നു. 27 പേര്‍. ഏറ്റവും കൂടുതല്‍ മരണം ചിത്രീകരിച്ചത് 2000 ല്‍ പുറത്തുവന്ന ആദ്യ പതിപ്പിലായിരുന്നു. 292 പേരുടെ മരണമാണ് ഈ സിനിമയില്‍ കാണിച്ചത്. അവസാനം വന്ന ഫൈനല്‍ ഡെസ്റ്റിനേഷന്‍ 5 ല്‍ 94 മരണം കാണിച്ചപ്പോള്‍ ത്രീഡി യില്‍ വന്ന ഫൈനല്‍ ഡെസ്റ്റിനേഷന്‍ 4 ല്‍ 61 പേര്‍ മരിക്കുന്നതായിട്ടാണ് കാട്ടിയത്. 2006 ല്‍ പുറത്തുവന്ന ഫൈനല്‍ ഡെസ്റ്റിനേഷന്‍ മൂന്നാം ഭാഗത്ത് 29 മരണവും ചിത്രീകരിച്ചു.

ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമകളില്‍ പലതും അവസാനിക്കുന്നത് ഓരോ കഥാപാത്രങ്ങളും കൊല്ലപ്പെടുന്നതിലൂടെയാണ്. മരണത്തെ അതിജീവിച്ച രണ്ടേരണ്ടു പേര്‍ ഫൈനല്‍ ഡെസ്റ്റിനേഷന്‍ 2 വിലെ ഹീറോകളായ കിംബര്‍ലി കോര്‍മാന്‍ (എ.ജെ. കുക്ക്), തോമസ് ബര്‍ക്ക് (മൈക്കല്‍ ലാന്‍ഡസ്) എന്നിവര്‍ മാത്രമാണ്. സിനിമയുടെ ആറാം പതിപ്പ് അടുത്ത വര്‍ഷം വരുമെന്നാണ് കേള്‍ക്കുന്നത്