സാധാരണഗതിയില്‍ ഹോളിവുഡ് നിലവാരത്തിലുള്ള സിനിമകളാണ് ഇന്ത്യന്‍ സിനിമാക്കാരുടെ സ്വപ്നം. മിക്കവാറും മേക്കിംഗിലും വിഷ്വല്‍സിലും കളറിംഗിലും മറ്റും അത്തരം ധാരണകള്‍ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ ശ്രമം പല സിനിമകളിലും കാണുകയും ചെയ്യും. എന്നാല്‍ ഹോളിവുഡിലെ ഇതിഹാസ സംവിധായകരില്‍ പോലും ഇന്ത്യന്‍ സിനിമകള്‍ കാണുന്നവര്‍ ഉണ്ടെന്നത് വലിയ വിശേഷമാണ്.
ഓസ്‌ക്കര്‍ജേതാവും ജുറാസിക് പാര്‍ക്ക് അടക്കം ഹോളിവുഡിലെ അനേകം ബ്രഹ്മാണ്ഡചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമായ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന് ഇഷ്ടമായ ഒരു ഇന്ത്യന്‍ സിനിമയെക്കുറിച്ച് പറയുകയാണ് ബോളിവുഡില്‍ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍.
മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന 2025 ലെ ഉദ്ഘാടന വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റില്‍ സംവിധായകന്‍ കരണ്‍ജോഹറും വിജയ്‌ദേവരകൊണ്ടയുമായി പങ്കെടുത്ത ‘സിനിമ – ദി സോഫ്റ്റ് പവര്‍’ എന്ന സെഷനില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. സിനിമയുടെ ആഗോള സ്വാധീനത്തെക്കുറിച്ചും വടക്കന്‍-തെക്ക് സഹകരണം ഇന്ത്യയിലെ സിനിമയുടെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുമെന്നതിനെക്കുറിച്ചും കരണ്‍ ജോഹര്‍ ഒരു സംഭാഷണത്തിന് തുടക്കമിട്ടു. സംഭാഷണത്തിനിടെ, കരണ്‍ ജോഹര്‍ കരീന കപൂറിനോട് തന്റെ സമകാലികര്‍ ഹോളിവുഡില്‍ അവസരത്തിനായി പരിശ്രമിക്കുമ്പോള്‍ നടി എന്തുകൊണ്ടാണ് ഹോളിവുഡിനെ ഒരിക്കലും പിന്തുടരാത്തത് എന്ന് ചോദിച്ചു.
ഹോളിവുഡ് പിന്തുടരല്‍ എന്റെ വ്യക്തിത്വത്തിന്റെ ഭാഗമല്ലെന്നും അത് സംഭവിക്കണമെങ്കില്‍, സംഭവിക്കുമെന്നുമായിരുന്നു നടിയുടെ മറുപടി. കൂട്ടത്തിലാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പോലും നമ്മുടെ ഹിന്ദി സിനിമകള്‍ കാണുന്നുണ്ടെന്നും അക്കാര്യത്തില്‍ തനിക്ക് അനുഭവമുള്ളതുമായ ഒരു സംഭവം നടി വെളിപ്പെടുത്തിയതും. കരീന കപൂര്‍ പറഞ്ഞു.
” വര്‍ഷങ്ങള്‍ക്ക് മുമ്പ്, 3 ഇഡിയറ്റ്‌സ് റിലീസ് ചെയ്ത സമയമായിരുന്നു അത്. എവിടേയ്‌ക്കോ യാത്ര പോകുമ്പോള്‍ ഒരിക്കല്‍ ഒരു റസ്റ്റോറന്റില്‍ ഇരിക്കുകയായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അതേ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അദ്ദേഹം എന്റെ അടുത്ത് വന്ന് പറഞ്ഞു. ‘മൂന്ന് വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വളരെ പ്രശസ്തമായ ഇന്ത്യന്‍ സിനിമയിലെ ആ പെണ്‍കുട്ടി നിങ്ങളാണോ?’ ഞാന്‍ പറഞ്ഞു, ‘അതെ, അത് ഞാനാണ്.’ അദ്ദേഹം പറഞ്ഞു, ‘എന്റെ ദൈവമേ. എനിക്ക് ആ സിനിമ വളരെ ഇഷ്ടപ്പെട്ടു.’ ‘അദ്ദേഹത്തിന് എന്നെ കാണാന്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കേണ്ട ആവശ്യമില്ലായിരുന്നു. അദ്ദേഹം 3 ഇഡിയറ്റ്‌സ് കണ്ടു. അത് ഞങ്ങള്‍ക്ക് ഒരു നിമിഷമാണ്.’ കരീന കപൂര്‍ അഭിമാനത്തോടെ പറഞ്ഞു.