തമിഴ്‌സിനിമയിലെ എല്ലാക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയിലേക്ക് കടന്നിരിക്കുന്ന അമരന്‍ സിനിമയുമായി ബന്ധപ്പെട്ട് പുതിയ തലവേദന. സിനിമയില്‍ തന്റെ സ്വകാര്യമൊബൈല്‍ നമ്പര്‍ അനധികൃതമായി നല്‍കിയെന്ന് ആരോപിച്ച് ചെന്നൈയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് നല്‍കി.
1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി വി വാഗീശന്‍ എന്നയാളാണ് അമരന്റെ സൃഷ്ടാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ശിവകാര്‍ത്തികേയനും സായ് പല്ലവിയും അഭിനയിച്ച ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ച നമ്പര്‍ സായി പല്ലവിയുടേതാണെന്ന് വിശ്വസിച്ച കാഴ്ചക്കാരില്‍ നിന്ന് വാഗീശന് നിരന്തരം ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ തുടങ്ങി.
സായിയുമായി സംസാരിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ആളുകളില്‍ നിന്നുള്ള കോളുകളുടെ കുത്തൊഴുക്കില്‍ ആദ്യം ആശയക്കുഴപ്പത്തിലായ വാഗീശന്‍ പിന്നീട് തന്റെ മൊബൈല്‍ നമ്പര്‍ സിനിമയില്‍ പ്രാധാന്യമര്‍ഹിക്കുന്നതായി കണ്ടെത്തി. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയെയും നടന്‍ ശിവകാര്‍ത്തികേയനെയും സോഷ്യല്‍ മീഡിയയിലൂടെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വാഗീശന്‍ തീരുമാനിച്ചു.
വാഗീശന്‍ അനുഭവിച്ച കാര്യമായ ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും നഷ്ടപരിഹാരത്തിനൊപ്പം ഫോണ്‍ നമ്പര്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ ആവശ്യപ്പെട്ടു. പ്രൊഡക്ഷന്‍ ടീമും സംവിധായകനും ഇതുവരെ ലീഗല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. അതേസമയം വാഗീശന് പൊതുജനങ്ങളില്‍ നിന്ന് നിരന്തരമായ ശല്യം തുടരുകയാണ്.