പരിശീലകന്‍ യുര്‍ഗന്‍ ക്‌ളോപ്പ് ക്ലബ്ബ് വിടുന്നു എന്ന വാര്‍ത്ത ലിവര്‍പൂള്‍ ആരാധകര്‍ക്ക് സമ്മാനിച്ച നിരാശ ചില്ലറയല്ല. എന്നാല്‍ ക്‌ളോപ്പിന് പിന്നാലെ സൂപ്പര്‍താരം മുഹമ്മദ് സലായും നായകന്‍ വിര്‍ജില്‍ വാന്‍ഡിക്കും ടീം വിട്ടേക്കുമെന്ന് ശ്രുതിയുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ലിവര്‍പൂക്ഷ മറ്റൊരു യുഗാന്ത്യത്തെ കൂടി നേരിടേണ്ടി വന്നേക്കുമെന്ന് സ്‌പോര്‍ട്‌സ് നിരീക്ഷകര്‍ കരുതുന്നു.
ഒമ്പത് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം സീസണ്‍ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് ക്ലോപ്പ് വ്യക്തമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. താന്‍ ക്ലബ്ബിന്റെ പുതിയ യുഗത്തിന്റെ ഭാഗമാകുമോ എന്ന് തനിക്ക് അറിയില്ലെന്ന് ക്യാപ്റ്റന്‍ വാന്‍ ഡിജ്ക് പറയുന്നു. ഇതിന് പിന്നാലെ ക്ലബ്ബ് വിടാന്‍ സാധ്യതയുള്ള മറ്റൊരു താരം ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സലായാണ്. ഈ സീസണില്‍ നാലു ട്രോഫികള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍ ഒന്നാമത് നില്‍ക്കുന്ന അവര്‍ കാരബാവോ കപ്പ് ഫൈനലില്‍ ചെല്‍സിയെ നേരിടുന്നു, എഫ്എ കപ്പിലും യൂറോപ്പ ലീഗിലും ഇപ്പോഴും തുടരുന്നു. ക്ലബ്ബിലെ ഓരോ കളിക്കാരുമായി ക്‌ളോപ്പിന് വലിയ ബന്ധമാണുള്ളത്.
ക്‌ളോപ്പ് പോകുന്നതിന് പിന്നാലെ ക്ലബ്ബ് വിട്ടുപോകാന്‍ സാധ്യതയുള്ളവര്‍ വാന്‍ ഡിക്ക്, ആന്‍ഡി റോബര്‍ട്ട്‌സണ്‍, സലാ എന്നിവരാണ്. ക്ലോപ്പ് ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, കാരബാവോ കപ്പ് എന്നിവ നേടിയിട്ടുണ്ട്. 31 കാരനായ സലായും 32 കാരനായ വാന്‍ജഡിക്കും ആ വിജയത്തിന്റെ ഭാഗമായി. ലിവര്‍പൂളിനായി 332 മത്സരങ്ങളില്‍ നിന്ന് 204 ഗോളുകള്‍ സലാ നേടിയിട്ടുണ്ട് കഴിഞ്ഞ സമ്മറിലാണ് ജോര്‍ദാന്‍ ഹെന്‍ഡേഴ്സണിനു പകരം നെതര്‍ലന്‍ഡ്സുകാരനും ടീമിന്റെ സെന്റര്‍ ബാക്കുമായ വാന്‍ ഡിക് നായകപദവിയില്‍ എത്തിയത്.
പരിചയസമ്പന്നരായ ജോഡിയും ഹോംഗ്രൗണ്‍ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടര്‍-അര്‍നോള്‍ഡും അടുത്ത സീസണിന്റെ അവസാനത്തില്‍ കരാര്‍ അവസാനിക്കുന്ന ഘട്ടത്തിലാണ്. സലായെയും വാന്‍ ഡിജിനെയും നഷ്ടമായാല്‍ ലിവര്‍പൂളിന് വന്‍നഷ്ടമായിരിക്കുമെന്നും വിദഗ്ദ്ധര്‍ കരുതുന്നു. 2004 മുതല്‍ 2009 വരെ ലിവര്‍പൂളിന്റെ താരമായ സ്പാനിഷ് പൗരന്‍ സാബി അലോന്‍സോയാണ് ക്‌ളോപ്പിന്റെ പകരക്കാരനായി വരാന്‍ കൂടുതല്‍ സാധ്യതയുള്ള താരം.