രണ്ട് ആനകളും അവയുടെ പാപ്പാനും തമ്മിലുള്ള ആർദ്രമായ ബന്ധം പകർത്തുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വ്യാപക ശ്രദ്ധ പിടിച്ചുപറ്റുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വൈകാരിക ബന്ധത്തെ സംബന്ധിക്കുന്ന വീഡിയോയാണിത്.
തായ്‌ലൻഡിലെ സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലെക് ചൈലർട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ ഒരു മഴക്കാലത്തെ ഹൃദയസ്പർശിയായ ഒരു നിമിഷമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാബയും തോങ് എയും എന്ന് പേരുള്ള രണ്ട് ആനകൾ കോരിച്ചൊരിയുന്ന മഴയിൽ നിന്ന് തങ്ങളുടെ പാപ്പാനെ സംരക്ഷിക്കാൻ അടുത്ത് ഒത്തുചേരുന്നതിന്റെ മനോഹര ദൃശ്യങ്ങളാണിത്. ചൈലെർട്ടിന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജ് 3.1 ദശലക്ഷത്തിലധികം കാഴ്‌ച്ചക്കാരെ നേടുകയും ഇന്റർനെറ്റിൽ നിരവധിപേരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.
“ഇടിമിന്നലുണ്ടാകുമ്പോൾ ചാബയും തോങ് എയും തങ്ങളുടെ സംരക്ഷക പാപ്പാന്റെ അടുത്തേക്ക് നീങ്ങുന്നതാണ് കാണുന്നത്., തുടർന്ന് അദ്ദേഹത്തെ മഴ നനയാതെ സംരക്ഷിക്കാൻ ശ്രമിക്കുന്നു,” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ഞാൻ എന്റെ റെയിൻകോട്ട് ധരിക്കുമ്പോൾ, ചാബ പതുക്കെ അവളുടെ തുമ്പിക്കൈ കൊണ്ട് എന്നെ സ്പർശിച്ചു, എന്നിട്ട് എനിക്ക് ഒരു മധുരമുള്ള തുമ്പിക്കൈ ചുംബനം നൽകി-‘വിഷമിക്കേണ്ട, എല്ലാം ശരിയാകും’ എന്ന് പറയും പോലെയായിരുന്നു അത്” അദ്ദേഹം കുറിച്ചു.
ചൈലെർട്ടിന്റെ അടിക്കുറിപ്പ് ആനകളുടെ വൈകാരിക ബുദ്ധിയും സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള അവയുടെ കഴിവിനെ കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. “ആനകൾ ആഴത്തിലുള്ള വൈകാരിക ജീവികളാണ്. അവരുടെ സ്നേഹവും കരുതലും അവരുടെ കൂട്ടത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. അവർ ആരെയെങ്കിലും വിശ്വസിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെങ്കിൽ, അവർ ആ വ്യക്തിയെ തങ്ങളുടേതായി സ്വീകരിക്കുന്നു. മനുഷ്യരായ നമുക്ക് യഥാർത്ഥത്തിൽ നമ്മുടെ ഹൃദയം തുറന്ന് ആനകളെ മൃഗങ്ങളല്ല മറിച്ച് സഹജീവികളായി കാണാൻ കഴിയുമെങ്കിൽ, നമ്മുക്ക് അവ വഹിക്കുന്ന സൗമ്യവും ആത്മാർത്ഥമായ സ്നേഹവും കണ്ടെത്താൻ കഴിയും”.
വീഡിയോ വൈറലായതോടെ ആനകളുടെ സ്നേഹത്തെയും കരുതലിനെയും പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.