ചങ്ങനാശേരി: ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ വെര്‍ച്ച്വല്‍ അറസ്‌റ്റിലൂടെ പെരുന്ന സ്വദേശികളായ വയോധിക ദമ്പതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമം പോലീസ് തടഞ്ഞു . കോട്ടയം സൈബര്‍ പോലീസിന്റെയും ചങ്ങനാശേരി എസ്.ഐയുടെയും സമയോചിതമായ ഇടപെടീലിലുടെയാണു കബളിപ്പിക്കല്‍ തടഞ്ഞത്.
ദമ്പതികളുടെ അക്കൗണ്ട് മുഖേന പരിധിയില്‍ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതു രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടത്തിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പിനു തുടക്കം. വെര്‍ച്ച്വല്‍ അറസ്‌റ്റിലാണെന്നും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്‌സ് ആപ്പ് വഴി വീഡിയോ കോളില്‍ വന്ന തട്ടിപ്പുകാര്‍ അറിയിക്കുകയും അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോകാതിരിക്കാന്‍ 50 ലക്ഷം രൂപ നല്‍കിയാല്‍ ഒഴിവാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു ബുധനാഴ്‌ച ചങ്ങനാശേരി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി സ്‌ഥിര നിക്ഷേപമായിരുന്ന 50 ലക്ഷം രൂപ പിന്‍വലിച്ച് രാജ് എഡ്യൂക്കേഷണല്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനത്തിന്റെ ഐ.സി.ഐ.സി.ഐ. ബാങ്കിലുള്ള അക്കൗണ്ടിലേക്ക് അയയ്‌ക്കുവാന്‍ ആവശ്യപ്പെട്ടു.
സംശയം തോന്നിയ ബാങ്ക് മാനേജര്‍ ശ്രീവിദ്യ ഐ.സി.ഐ.സി.ഐ. ബാങ്കുമായി ബന്ധപ്പെടുകയും തട്ടിപ്പ് അക്കൗണ്ട് ആണെന്നു മനസിലാക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇടപാട് നടത്താതെ തിരിച്ചയച്ചു. എന്നാല്‍, ഇന്നലെ വീണ്ടും ദമ്പതികള്‍ ബാങ്കിലെത്തി ഐ.സി.ഐ.സി.ഐ. ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ അയയ്‌ക്കാന്‍ വിണ്ടും ബാങ്ക് മാനേജരെ നിര്‍ബന്ധിച്ചു. ഈ വിവരം ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് ആന്‍ഡ് റീജണല്‍ മാനേജര്‍ കെ.ടി. ജയചന്ദ്രന്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒയെ അറിയിച്ചു.
തുടര്‍ന്നു ചങ്ങനാശേരി എസ്.ഐ. ബാങ്ക് ബ്രാഞ്ചില്‍ എത്തി വയോധികദമ്പതികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഈ സമയമത്രയും ദമ്പതികള്‍ വെര്‍ച്ച്വല്‍ അറസ്‌റ്റില്‍ തുടരുന്ന നിലയിലായിരുന്നു. പോലീസ് ഇടപെട്ടുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു തട്ടിപ്പു സംഘം കോള്‍ കട്ടാക്കി സംഘം മുങ്ങുകയായിരുന്നു.




