Oddly News

ആണവായുധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഐന്‍സ്റ്റീന്റെ കത്ത്; വിറ്റത് 32.7 കോടിയ്ക്ക്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന വ്യക്തിയാണ് ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. അണുബോംബ് നിര്‍മിക്കുകയെന്നതിനായി ജര്‍മനി അണു പരീക്ഷണം നടത്തുമെന്ന് കാണിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റിന് ഐന്‍സ്റ്റീന്‍ ഒരു കത്തെഴുതിയിരുന്നു.

ന്യൂയോര്‍ക്കിലെ ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആ കത്ത് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ലേലത്തിനായി വച്ചു. ഇപ്പോഴിതാ ഐന്‍സ്റ്റീന്‍ എഴുതിയ ആ നിര്‍ണായക കത്ത് ലേലത്തില്‍ പോയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് നടത്തുന്ന ലേലത്തില്‍, 3.9 ദശലക്ഷം ഡോളറിന് (ഏകദേശം 32.7 കോടി രൂപ) ആണ് കത്ത് ലേലം ചെയ്തത്. കത്തിലൂടെ ആണവായുധങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ഗവേഷണം ആരംഭിക്കാന്‍ യുഎസിനെ ഉപദേശിക്കുകയും ചെയ്തു.

ന്യൂക്ലിയര്‍ ഫിസിക്‌സിലെ സമീപകാല പുരോഗതിയെക്കുറിച്ചും കത്തില്‍ ഐന്‍സ്‌റ്റൈന്‍ പരാമര്‍ശിച്ചിട്ടുണ്ട്. യുറേനിയം ‘പ്രധാനപ്പെട്ട ഊര്‍ജ്ജ സ്രോതസ്സായി’ പരിവര്‍ത്തനം ചെയ്യാമെന്നും കത്തിലൂടെ അദ്ദേഹം സൂചിപ്പിച്ചു. ഈ ഊര്‍ജ്ജം ‘അതിശക്തമായ ബോംബുകള്‍’ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പ് നല്‍കി.