ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്‍, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
മെത്താംഫെറ്റമിൻ, എൽ.എസ്.ഡി (LSD) സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.
കൊച്ചിയിലെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അഞ്ജു പിന്നീട് അഭിനയ അവസരങ്ങൾ തേടിയാണ് ചെന്നൈയിലേക്ക് ചേക്കേറിയത്. തമിഴ് ചിത്രമായ ‘വെള്ളിമലൈ’യിൽ പ്രധാന വേഷം ചെയ്യാനും മലയാളത്തിൽ ജോജു ജോർജ് ചിത്രം ‘ആരോ’, ഫ്ലവേഴ്സ് ചാനലിലെ ‘പ്രിയങ്കരി’ തുടങ്ങിയ പ്രോജക്റ്റുകളുടെ ഭാഗമാകാനും അഞ്ജുവിന് കഴിഞ്ഞു.
ലഹരിക്കേസില്‍ പൊലീസ് പിടികൂടിയ വിഘ്‌നേശ്വര്‍ എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിച്ചത്. വെങ്കിടേശ് കുമാറില്‍ നിന്നാണ് ലഹരി വാങ്ങിയതെന്ന് വിഘ്‌നേശ്വര്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ലഹരി വാങ്ങാനെന്ന വ്യാജേനെ പൊലീസുകാര്‍ മഫ്ത്തിയില്‍ വെങ്കിടേഷിനെ സമീപിക്കുകയായിരുന്നു. ഇങ്ങനെയാണ് എട്ടുപേരും വലയിലാവുന്നത്.
അറസ്റ്റിലായവരിൽ കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവി ബിൻഷ എന്നിവരും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എൽഎസ്ഡി സ്റ്റാമ്പ്, 9 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.




