കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമില്‍ നിന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) മൊഴിയെടുത്തു. മൊഴിയെടുക്കല്‍ മൂന്നുമണിക്കൂര്‍ നീണ്ടു. അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞുവെന്നും ഇനി ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം പ്രതികരിച്ചു. രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടില്ല.
അതേസമയം, ഇ.ഡിയുടെ ചോദ്യങ്ങള്‍ എന്തായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കൊപ്പം പൂജയില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്യലിനു ശേഷവും ജയറാം ന്യായീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകളില്‍ ഉദ്‌ഘാടനത്തിനായി തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയാണു പോറ്റിക്കൊപ്പമുള്ള പൂജയെ കണക്കാക്കുന്നതെന്നും ജയറാം പറഞ്ഞു.
ഇനി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇനിയൊന്നുമില്ല, വെറുതേ രണ്ടുചോദ്യം ചോദിച്ചു. ഊണും കഴിച്ചു പിരിഞ്ഞു എന്നായിരുന്നു മറുപടി. ഹൈദരാബാദിലേക്കു സിനിമ ചിത്രീകരണത്തിനായി പോകുന്നുവെന്നു പറഞ്ഞാണു കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കി ജയറാം ഇ.ഡി. ഓഫിസിനു മുന്നില്‍നിന്നു യാത്രയായത്. ഇന്നലെ രാവിലെ 11 മണി കഴിഞ്ഞാണു നടന്‍ കൊച്ചിയിലെ ഇ.ഡി. ഓഫിസിലെത്തിയത്.
ശബരിമല എന്നുപറയുന്നതു മലയാളികളെ സംബന്ധിച്ചു പ്രത്യേക വികാരമാണെന്നു മൊഴിയെടുപ്പിനു മുമ്പായി ജയറാം പറഞ്ഞു. എത്രയോ ക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനും അവര്‍ എത്തുന്ന പുണ്യസ്‌ഥലമാണ്. കൊള്ള നടന്നിട്ടുണ്ടെങ്കില്‍ അവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്‌ഥരാണ്. 38 വര്‍ഷത്തോളമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഓരോ പരിപാടിക്കും ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. പലയിടത്തും പോയിട്ടുണ്ട്. അങ്ങനെയാണ് ഇവിടെയും പോയത്.
സത്യം വെളിച്ചത്തു വരണം. കാര്യങ്ങള്‍ ചോദിച്ചറിയാനാണു തന്നെ വിളിപ്പിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. അതില്‍ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്‌ഥരാണ്. ആ മലയാളികളുടെ കൂട്ടത്തില്‍പെട്ട ആളാണു താന്‍. അയ്യപ്പന്‍ അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷമായി ശബരിമലയില്‍ പോകുന്നയാളാണു താനെന്നും ജയറാം പറഞ്ഞു.




