ലണ്ടന്‍: ബഹുഭൂരിപക്ഷം പ്രദേശങ്ങളും കാല്‍ക്കീഴിലാക്കി കോളനിവത്‌കരണത്തിലൂടെ ഇന്ത്യയെ ഞെരിച്ച ‘ഈസ്‌റ്റ് ഇന്ത്യാ കമ്പനി’ക്കു വീണ്ടും താഴുവീണു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ‘ആധുനിക കമ്പനി’യാണ് പൂട്ടിയത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് പാപ്പരായതിനു പിന്നാലെയാണു സ്‌ഥാപനത്തിനു താഴുവീണത്.
1600 ഡിസംബറിലാണ് കച്ചവട ലക്ഷ്യങ്ങള്‍ക്കായി ബ്രിട്ടനില്‍ ഇംഗ്ലീഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്. സുഗന്ധവ്യഞ്‌ജന വ്യാപാരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മറ്റു സ്‌ഥാപനങ്ങളുമായി വിപണിയില്‍ മത്സരം കാഴ്‌ചവയ്‌ക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം സ്‌ഥാപിക്കുന്നതില്‍ കമ്പനി നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയില്‍ അധികാരം പിടിച്ചതിനുപിന്നാലെയുണ്ടായ ശിപായിലഹളയുടെ പശ്‌ചാത്തലത്തില്‍ 1874-ല്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനി പിരിച്ചുവിടുന്നതായി ബ്രിട്ടീഷ് രാജവംശം പ്രഖ്യാപിക്കുകയായിരുന്നു.
2010-ല്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ വ്യവസായിയായ സഞ്‌ജീവ് മെഹ്‌ത പേര് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ വാങ്ങി കമ്പനി പുനരുജ്‌ജീവിപ്പിച്ചു. മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന ഒരു കമ്പനി പുതിയകാലത്ത് ഒരു ഇന്ത്യക്കാരനു കീഴിലായത് വാര്‍ത്താപ്രാധാന്യം നേടി. ഭക്ഷ്യോത്‌പന്ന വില്‍പ്പനയ്‌ക്കുള്ള ആഡംബര സ്‌റ്റോറിന്റെ രൂപത്തിലാണ് കമ്പനിക്കു മെഹ്‌ത വീണ്ടും ജീവന്‍ നല്‍കിയത്. ലണ്ടനിലെ മെയ്‌ഫെയറില്‍ ഉള്‍പ്പെടെ സ്‌റ്റോറുകള്‍ തുറന്നു. പക്ഷേ, 15 വര്‍ഷത്തെ ആയുസ് മാത്രമാണ് സ്‌ഥാപനത്തിനുണ്ടായിരുന്നത്. സാമ്പത്തിക ബാധ്യത സ്‌ഥാപനം അന്ത്യശ്വാസം വലിക്കാന്‍ വഴിവച്ചു.
കടബാധ്യതയില്‍ ലിക്വിഡേഷനിലായ സ്‌ഥാപനത്തിന്റെ യു.കെയിലെ സ്‌റ്റോറുകള്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ ഒക്‌ടോബറില്‍ ഈസ്‌റ്റ് ഇന്ത്യാ കമ്പനി ലിമിറ്റഡ് ലിക്വിഡേറ്റര്‍മാരെ നിയമിച്ചുവെന്ന് യു.കെ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള സ്‌ഥാപനത്തിന്റെ മാതൃ ഗ്രൂപ്പിന് 600,000 പൗണ്ടിലധികം (6.3 കോടി രൂപ), നികുതി ഇനത്തില്‍ 193,789 പൗണ്ട് (2.03 കോടി രൂപ), ജീവനക്കാര്‍ക്ക് 163,105 പൗണ്ട് (1.71 കോടി രൂപ) എന്നിവ നല്‍കാനുണ്ടെന്നാണു വിവരം. ഇതിന്റെ പശ്‌ചാത്തലത്തില്‍ ലണ്ടനില്‍ ഉള്‍പ്പെടെയുള്ള സ്‌റ്റോറുകളും സഞ്‌ജീവ് മെഹ്‌ത്തയുടെ ഉടമസ്‌ഥതതയിലുള്ള അനുബന്ധ കമ്പനികളും പൂട്ടിയതായാണ് റിപ്പോര്‍ട്ട്.




