ആംസ്റ്റര്‍ഡാം: പലസ്തീന് പതാകയിലെ നിറങ്ങളോട് സാദൃശ്യമുളള വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തിയ എം.പിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍. ഡച്ച് എം.പി എസ്തര് ഔവഹാന്‍ഡിനോടാണ് സ്പീക്കര്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ എസ്തര് സംസാരിക്കാന്‍ തുടങ്ങിയതോടെ സ്പീക്കര്‍ മാര്ട്ടിന് ബോസ്മ ഇടപെടുകയായിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പി.വി.വി) നേതാവാണ് സ്പീക്കര്‍ മാര്ട്ടിന് ബോസ്മ.
‘നിങ്ങള്‍ ആ പതാകയുമായി ഇവിടെ നില്‍ക്കുന്നത് അധിക്ഷേപകരമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, വസ്ത്രം മാറി തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. വസ്ത്രം മാറാതെ പ്രസംഗം തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് നിയമങ്ങളില്‍ കണ്ടിട്ടില്ലെന്നും എസ്തര് ഔവെഹാന്‍ഡ് മറുപടി നല്കി.
ഒടുവില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവര്‍ക്ക് സഭ വിടേണ്ടി വന്നു. എന്നാല്‍, സഭയില്‍നിന്ന് പുറത്തിറങ്ങിയ എസ്തര് ഔവഹാന്‍ഡ് തിരിച്ചെത്തിയത് തണ്ണിമത്തന് പ്രിന്റുളള ഷര്‍ട്ട് ധരിച്ചാണ്. തുടര്‍ന്ന് ബജറ്റിലെ തന്റെ നിലപാടുകള്‍ സഭയില്‍ അവതരിപ്പിച്ച് മടങ്ങുകയും ചെയ്തു. അതേസമയം, പാര്‍ലമെന്റ് വേദി നിഷ്പക്ഷമായിരിക്കണമെന്നും രാഷ്ട്രീയചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പലസ്തീന് പതാകയുടെ നിറങ്ങളുളളതിനാല്‍ പലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് തണ്ണിമത്തന്. ഗാസയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന തണ്ണിമത്തനിലെ ചുവപ്പ്, കറുപ്പ്, പച്ച, വെളള എന്നീ നിറങ്ങളാണ് പലസ്തീന് പതാകയിലും കാണാനാവുക.
പലസ്തീന് പതാകയുടെയും തണ്ണിമത്തന്റെയും പ്രിന്റുളള വസ്ത്രം ധരിച്ചുളള എസ്തര് ഔവഹാന്‍ഡിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് എസ്തറിന് പിന്തുണയുമായി രംഗത്തെത്തുന്നത്.




