2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഡ്യൂക്കാട്ടി. ഡയവല്‍ V4 ബേണിംഗ് റെഡ് നിറത്തിന് 30.89 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം 2026 മോഡല്‍ X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ബ്ലാക്ക് ലാവ കളര്‍ ഓപ്ഷന്‍ വേണ്ടവര്‍ 31.20 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരും. ഡിസൈനിലും സീറ്റിംഗ് എര്‍ഗണോമിക്‌സിലും ഡയവല്‍ V4 ബൈക്കിന്റെ കൂടുതല്‍ ലളിതമായ പതിപ്പാണ് X ഡയാവല്‍.
ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടിയുടെ ഔദ്യോഗിക ആക്സസറി കാറ്റലോഗില്‍ നിന്ന് സെന്റര്‍-സെറ്റ് ഫുട്പെഗുകളും വാങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ആവസരമുണ്ട്. ഡയാവല്‍ V4 പതിപ്പിന്റെ അതേ സ്‌പോര്‍ട്ടിയര്‍ എഞ്ചിന്‍ തന്നെയാണ് 2026 ഡ്യുക്കാട്ടി X ഡയാവല്‍ V4 സൂപ്പര്‍ ക്രൂയിസറിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നത് 1,158 സിസി V4 ഗ്രാന്‍ടൂറിസ്‌മോ യൂണിറ്റിന് 166.28 bhp പവറില്‍ പരമാവധി 126 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും. 3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍/മണിക്കൂര്‍ വരെ വേഗത പുറത്തെടുക്കാനും 30 ലക്ഷത്തിന്റെ ഈ ബൈക്കിനാവും. ബ്രെംബോ ബ്രേക്കുകള്‍ക്കൊപ്പം പൂര്‍ണമായും ക്രമീകരിക്കാവുന്ന സസ്പെന്‍ഷന്‍ സജ്ജീകരണവും ഇതിലുണ്ട്.
രണ്ട് ഡയാവലുകളിലും ഇലക്ട്രോണിക്‌സ് പാക്കേജും ഒരുപോലെയാണെങ്കിലും പുതിയ X മോഡലിന് 6.9 ഇഞ്ച് TFT സ്‌ക്രീന്‍ ലഭിക്കുന്നുണ്ട്. ഇത് പാനിഗാലെ, സ്ട്രീറ്റ്ഫൈറ്റര്‍ V4 മോഡലുകളില്‍ കാണുന്ന അതേ സിസ്റ്റമാണ്. 1260 മുന്‍ഗാമിയെ അപേക്ഷിച്ച് പുതിയ X ഡയാവല്‍ V4-ന് നിരവധി മെച്ചപ്പെടുത്തലുകള്‍ ഡ്യുക്കാട്ടി നല്‍കിയിട്ടുണ്ട്. 770 മില്ലീമീറ്റര്‍ സീറ്റ് ഹൈറ്റ് പൊക്കം കുറഞ്ഞവര്‍ക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിനുള്ളതാണ്. റിയര്‍ സസ്പെന്‍ഷനില്‍ 25 mm കൂടുതല്‍ ട്രാവലുള്ളതിനാല്‍ ഹമ്പ് ഒന്നും പ്രശ്നമാവുകയേയില്ല. അതുപോലെ റൈഡര്‍ സീറ്റ് വീതിയുള്ളതും നീളമുള്ളതും മുമ്പത്തേക്കാള്‍ മികച്ച കുഷ്യനിംഗ് നല്‍കുന്നതുമാണ്. ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ബൈക്കിന്റെ ഉടമകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് X ഡയാവല്‍ കസ്റ്റമൈസ് ചെയ്യാന്‍ നിരവധി ഓപ്ഷണല്‍ ആക്സസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്.




