Health

വീടിനുള്ളില്‍ തുണി ഉണക്കാറുണ്ടോ? കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍

മഴക്കാലമായാൽ പല വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. വീടിന് പുറത്തായി തുണി ഉണക്കാനായി സൗകര്യമില്ലാത്തവരാണെങ്കില്‍ വീടിനുള്ളിൽ തന്നെ നനഞ്ഞ തുണികള്‍ ഉണക്കാനായി വിരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ വീടിനുള്ളില്‍ ഈര്‍പ്പം വര്‍ധിപ്പിച്ച് പൂപ്പല്‍ വരാനുള്ള സാധ്യത ഉണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

തുണി ഉണങ്ങുന്ന സമയത്ത് വീടിനുള്ളിലെ വായുവിലേക്ക് വെള്ളം പ്രവഹിപ്പിക്കുമെന്നാണ് കണക്ക്. ആവശ്യത്തിനുള്ള വായു സഞ്ചാരമില്ലാത്ത വീടുകളില്‍ ഈര്‍പ്പം ഭിത്തികളിലും മേല്‍ക്കൂരയിലുമെല്ലാം തങ്ങി നിന്ന് അവിടങ്ങളില്‍ പൂപ്പല്‍ വളര്‍ച്ചയ്ക്ക് അനുയോജ്യമായ നനഞ്ഞ ഇടങ്ങള്‍ സൃഷ്ടിക്കാം. വീടിനുള്ളിലെ ഈര്‍പ്പത്തിന്റെ തോത് 60 ശതമാനത്തിലധികമാകുന്നത് പൂപ്പല്‍ വളര്‍ച്ചയ്ക്ക് പ്രോത്സാഹിപ്പിക്കുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചുമ , തുമ്മല്‍, വലിവ് തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും വീടിനുള്ളിലെ പൂപ്പല്‍ വഴിവെക്കുന്നു. തുടര്‍ച്ചയായി പൂപ്പൽ സമ്പര്‍ക്കം ആസ്തമയുള്‍പ്പെടെയുള്ള രോഗങ്ങളിലേക്കും നയിക്കാം. പൂപ്പലില്‍ നിന്ന് വീഴുന്ന പൊടി അലര്‍ജി പ്രതികരണങ്ങള്‍ മൂക്കൊലിപ്പ്, കണ്ണിന് ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. സ്റ്റാക്കിബോട്രിസ് ചര്‍ട്ടാറം പോലുള്ള പൂപ്പലുകള്‍ മൈകോടോക്സിനുകളെ ഉത്പാദിപ്പിക്കുക വഴി ക്ഷീണവും തലവേദനയും അനുഭവപ്പെട്ടേക്കാം.

കുട്ടികൾ പ്രായമായവർ ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ എന്നിവർക്ക് വീടിനുള്ളിലെ പൂപ്പല്‍കാരണം അണുബാധകള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വീടിനുള്ളില്‍ തുണി ഉണക്കാനായി നിര്‍ബന്ധിതരാകുന്നവര്‍ ഈര്‍പ്പം 60 ശതമാനത്തിനും താഴെ നിര്‍ത്താനായി ശ്രദ്ധിക്കുക. ഡീഹ്യൂമിഡിഫയര്‍, എക്‌സോസ്റ്റ് ഫാനുകൾ എന്നിവ ഇക്കാര്യത്തില്‍ സഹായിക്കും. വീടിനുള്ളിൽ വായുപ്രവാഹമുണ്ടാകുന്നതിനായി ജനലുകള്‍ തുറന്നിടണം. വീടിനുള്ളില്‍ പൂപ്പല്‍ വരാനിടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും ശ്രമിക്കേണ്ടതാണ്.