Lifestyle

വിമാനത്തില്‍ മദ്യപിച്ച് ബഹളം, ഹര ഹര മഹാദേവ ചൊല്ലണമെന്ന് ആവശ്യം; വിവാദം, പരാതി

ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യാത്രക്കാരനെ ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം. വിമാനയാത്രയിലെ പ്രോട്ടോക്കോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിനുപിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയതെന്ന് അധികൃതര്‍ അറിയിച്ചു. ക്യാബിൻ ക്രൂവിനോടും സഹ യാത്രികരോടും ഇയാൾ മോശമായി പെരുമാറിയ സംഭവം ഇങ്ങനെ:

31ഡി സീറ്റിലിരുന്ന യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാൾ വിമാനത്തിൽ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു. സഹയാത്രികരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാൾ തർക്കിച്ചു. വിമാനം പറന്നുയർന്നതിനുപിന്നാലെ ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. മദ്യം മണക്കുന്ന ഇയാളെ ജീവനക്കാർ ചോദ്യംചെയ്തതോടെ ആ കുപ്പിയിൽനിന്ന് ഇയാൾ പെട്ടെന്ന് കുടിച്ചു.

ഇതോടെ കൊൽക്കത്തയിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറുകയായിരുന്നു. അതേസമയം, ഹര ഹര മഹാദേവ എന്ന ചോല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതേയുള്ളൂവെന്നാണ് യാത്രക്കാരന്റെ നിലപാട്. മതപരമായ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും യാത്രയ്ക്കിടയിൽ മദ്യപിച്ചിരുന്നില്ലെന്നും ഇയാൾ പറയുന്നു. ഡൽഹി വിമാനത്താവളത്തിൽനിന്നു വിമാനത്തിൽ കയറുന്നതിനു മുൻപ് ബീയർ കുടിച്ചിരുന്നുവെന്നും അതിന്റെ റെസീറ്റ് കയ്യിൽ ഉണ്ടെന്നും ഇയാൾ പറയുന്നു. ജീവനക്കാരും ഇയാളും പരാതികള്‍ കൊടുത്തിട്ടുണ്ട്.

രണ്ട് പരാതികളും ലഭിച്ചിട്ടുണ്ടെന്നും അവ അന്വേഷിച്ചുവരികയാണെന്നും ഡൽഹി പോലീസ് സ്ഥിരീകരിച്ചു.