യാത്രയ്ക്കിടെ മദ്യപിച്ചതിനെ ചൊല്ലി വഴക്കിട്ട വൃദ്ധദമ്പതികളുടെ മേല്‍ മൂത്രമൊഴിച്ച് മദ്യപന്റെ പരാക്രമം. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ സമ്പര്‍ക്ക് ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വൃദ്ധ ദമ്പതികളുടെ മേലേക്കായിരുന്നു യുവാവിന്റെ അക്രമം.
മധ്യപ്രദേശ് സ്വദേശികളായ വിരമിച്ച ശാസ്ത്രജ്ഞരായ ദമ്പതികള്‍ ട്രെയിനിലെ എസി-3 കോച്ചില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന ഋതേഷ് എന്ന യാത്രക്കാരന്‍ യാത്രയ്ക്കിടെ മദ്യപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇതോടെ ഇയാളുമായി ദമ്പതികള്‍ സംഘര്‍ഷമുണ്ടായി.
തര്‍ക്കത്തിനൊടുവില്‍ റിതേഷ് ദമ്പതികളുടെ ബര്‍ത്തില്‍ മൂത്രമൊഴിച്ചു. സംഭവം യാത്രക്കാര്‍ക്കിടയില്‍ ബഹളമുണ്ടാക്കുകയും ദമ്പതികള്‍ ഉടന്‍ റെയില്‍വേ ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു.
പരാതി ലഭിച്ചയുടന്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) ട്രെയിന്‍ ഝാന്‍സി സ്റ്റേഷനിലെത്തിയപ്പോള്‍ ഉടന്‍ തന്നെ ആളെ ട്രെയിനില്‍ നിന്ന് മാറ്റുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്തു.