മദ്യപിച്ച് ലക്കുകെട്ട് വിഷമുള്ള പാമ്പുമായി കളിക്കുന്നതിനിടെ ആന്ധ്രാപ്രദേശില്‍ ഒരാള്‍ക്ക് പാമ്പുകടിയേറ്റു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത് നാഗരാജു എന്നയാള്‍ക്കാണ്. ശ്രീ സത്യസായി ജില്ലയിലെ കാദിരി മേഖലയില്‍ കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
നാഗരാജു പാമ്പമായി കളിക്കുന്നതും പാമ്പിനെ കൈകൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടാനുള്ള പാമ്പിന്റെ ശ്രമം അവഗണിച്ച നാഗരാജു അതിനെ പിടികൂടി റോഡിലേക്ക് തിരികെ കൊണ്ടുവന്നാണ് കളിക്കുന്നത്. നാഗരാജു പാമ്പുമായി കളിക്കുന്നതും തല്ലുന്നതും വീഡിയോയില്‍ കാണാം. പക്ഷേ, ഒന്നിലധികം തവണ ആഞ്ഞ പാമ്പ് ഒടുവില്‍ അയാളെ കടിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ യുവാവിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമാനമായ സംഭവത്തില്‍ പുതുവത്സരാഘോഷത്തിനിടെ പാമ്പുകടിയേറ്റ് ഒരാള്‍ തമിഴ്‌നാട്ടില്‍ മരിച്ചിരുന്നു. സമാന സാഹചര്യമായിരുന്ന അന്നുണ്ടായതും. മദ്യലഹരിയില്‍ ഇയാളും പാമ്പുമായി കളിക്കുന്നതിനിടയില്‍ പാമ്പു കടിക്കുകയായിരുന്നു.




