ഓരോ ദിവസവും കൗതുകമെന്നും വിചിത്രമെന്നും തോന്നിക്കുന്ന ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില വീഡിയോകളൊക്കെ കാണുമ്പോൾ ആളുകൾക്കൊക്കെ ഇതെന്താ ഭ്രാന്താണോ എന്നു പോലും നാം ചിന്തിച്ചുപോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ അങ്ങ് ഭോപ്പാലിൽ നിന്നും വൈറലാകുന്നത്. മദ്യലഹരിയിൽ ഒരു യുവാവ് മൊബൈൽ ടവറിന്റെ മുകളിൽ കയറുന്നതിന്റെ ദൃശ്യങ്ങളാണിത്.
ഭോപ്പാലിലെ ഐഷ്ബാഗ് ഏരിയയിൽ നിന്നുള്ള വിവേക് താക്കൂർ എന്ന 33 കാരനാണ് മദ്യലഹരിയിൽ ബർഖേദി ഏരിയയിലെ മൊബൈൽ ടവറിൽ കയറി കോളിളക്കം സൃഷ്ടിച്ചത്.
ഉച്ചത്തിരിഞ്ഞു രണ്ട് മണിക്കാണ് സംഭവം. മദ്യാസക്തിയിൽ താക്കൂർ വളരെ ഉയരത്തിൽ കയറി പരാക്രമം കാണിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന കാഴ്ചക്കാർ ഉടൻ തന്നെ പോലീസിനെയും മുനിസിപ്പൽ ടീമിനെയും വിവരം അറിയിച്ചതോടെ വൻ ജനക്കൂട്ടം പരിസരത്ത് തടിച്ചുകൂടി.
പോലീസും എസ്ഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി ഉച്ചയ്ക്ക് 2:40 ഓടെ സുരക്ഷിതമായി യുവാവിനെ താഴെയെത്തിച്ചു. പരിക്കുകളൊന്നും ഏൽക്കാത്ത താക്കൂർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലും ചോദ്യം ചെയ്യലിലും ആണ്. അധികൃതർ കൂടുതൽ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.