Healthy Food

ഈ ജ്യൂസുകള്‍ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്നു

ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്തവാര്‍ച്ച, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഉണ്ടാകാം. എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം.

മാതളം ജ്യൂസ് – മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു.

കരിമ്പിന്‍ ജ്യൂസ് – കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കും. കരിമ്പിന്‍ ജ്യൂസില്‍ ഇരുമ്പും മറ്റു ആവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ് – ബീറ്റ്റൂട്ട് ജ്യൂസും അനീമിയ തടയാന്‍ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ഇരുമ്പ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.

നെല്ലിക്ക ജ്യൂസ് – നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും വളരെയേറെ ഗുണം ചെയ്യും. വൈറ്റമിന്‍ സി-യാല്‍ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും അതുവഴി ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് ഗുണകരമാകുകയും ചെയ്യും.

അത്തിപ്പഴവും ആപ്പിളും – അത്തിപ്പഴവും ആപ്പിളും ജ്യൂസാക്കുന്നതും ഇരുമ്പിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. സ്മൂത്തികളും ഇത്തരത്തില്‍ ഗുണം ചെയ്യുന്നവയാണ്.