Fitness

ജോലിയ്ക്കിടെ ക്ഷീണം ഇല്ലാതാക്കി ഉന്മേഷം നല്‍കും; ഈ നാടന്‍ പാനീയങ്ങള്‍ കുടിയ്ക്കാം

നീണ്ട യാത്ര കഴിയുമ്പോഴോ, ദീര്‍ഘനേരം ജോലി ചെയ്യുമ്പോഴോ ഒക്കെ നമ്മളെ ക്ഷീണവും തളര്‍ച്ചയുമൊക്കെ ബാധിയ്ക്കാറുണ്ട്. അപ്പോള്‍ പലരും സോഫ്റ്റ് ഡ്രിങ്കുകളാണ് കുടിയ്ക്കാറുള്ളത്. എന്നാല്‍ ഇതിനേക്കാളൊക്കെ ഗുണം നമ്മുടെ നാടന്‍ പാനീയങ്ങള്‍ക്ക് ശരീരത്തിന് നല്‍കാന്‍ സാധിയ്ക്കും. ക്ഷീണം ഇല്ലാതാക്കി ഉന്മേഷം പകരുകയും അതോടൊപ്പം തന്നെ ശരീരത്തിന് ഗുണവും നല്‍കുന്ന ചില നാടന്‍ പാനീയങ്ങളെ കുറിച്ച് മനസിലാക്കാം…

സംഭാരം – ക്ഷീണം അകറ്റാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഡ്രിങ്കാണ് സംഭാരം. സംഭാരത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട ഊര്‍ജത്തെ വീണ്ടെടുക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ക്ഷീണം അകറ്റുന്നതിന് മാത്രമല്ല, ശരീരത്തെ തണുപ്പിക്കുന്നതിനും അതുപോലെ, ശരീരത്തിന് വേണ്ടത്ര പോഷകങ്ങള്‍ നല്‍കുന്നതിനും ഇത് സഹായിക്കുന്നു. സംഭാരം തയ്യാറാക്കുമ്പോള്‍ വേപ്പില, മല്ലി എന്നിവ ചേര്‍ത്താല്‍ കൂടുതല്‍ ആരോഗ്യപ്രദമായിരിക്കും.

നാരങ്ങാ വെള്ളം – ക്ഷീണം അകറ്റാന്‍ പെട്ടെന്ന് നമ്മളൊക്കെ കുടിയ്ക്കുന്ന ഒരു പാനീയമാണ് നാരങ്ങാ വെള്ളം. പെട്ടെന്ന് ഉണ്ടാകുന്ന ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച എന്നിവയെല്ലാം മാറ്റി എടുക്കാന്‍ നിങ്ങള്‍ക്ക് ഇലക്ട്രോലൈറ്റ് അടങ്ങിയ വെള്ളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നുണ്ട്. ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുത്ത് ഇതിലേയ്ക്ക് കുറച്ച് ഹിമാലയന്‍ സാള്‍ട്ട് ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് അമിതമായി ക്ഷീണം തോന്നുമ്പോള്‍ ചെയ്യുന്നത് നല്ലതാണ്.

കരിമ്പ് ജ്യൂസ് – ശരീരം തണുപ്പിക്കുന്നതിനും നിര്‍ജലീകരണം ഇല്ലാതാക്കുന്നതിനും കരിമ്പിന്‍ ജ്യൂസ് കുടിക്കാവുന്നതാണ്. ദിവസേന കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട എനര്‍ജി വീണ്ടെടുക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ പ്രോട്ടീന്‍, അയേണ്‍, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ ശരീരത്തിലെ എനര്‍ജി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങളും ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നു.

നന്നായി വെള്ളം കുടിച്ചാല്‍ – മുകളില്‍ പറഞ്ഞ ഒന്നും തന്നെയില്ലെങ്കിലും നന്നായി വെള്ളം കുടിച്ചാല്‍ തന്നെ നമ്മുടെ ശരീരത്തിന്റെ ക്ഷീണം ഇല്ലാതാക്കാന്‍ സാധിയ്ക്കും. ഫ്രഷ് വാട്ടര്‍ നമ്മള്‍ കുടിക്കുമ്പോള്‍ അത് ശരീരത്തിന് വേണ്ടത്ര ഓക്സിജന്‍ എത്തിക്കുന്നു. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ശരീരം പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം നല്‍കുകയും ചെയ്യുന്നു.