ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയുണ്ടാകും. എന്നാല്‍ വെള്ളം ആവശ്യത്തിന് കുടിക്കുക മാത്രമല്ല, ഏത് രീതിയില്‍ കുടിയ്ക്കണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കല്‍ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വഴി ദിവസം മുഴുവന്‍ ശരീരം നന്നായി പ്രവര്‍ത്തിക്കാനും ആരോഗ്യവും സൗഖ്യവും നിലനിര്‍ത്താനും സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങള്‍ അറിയാം…
- ശരീരഭാരം നിയന്ത്രിക്കുന്നു -വെള്ളം സ്വാഭാവികമായും വിശപ്പ് കുറയ്ക്കും. രാവിലെ മുതല്‍ തുടങ്ങി ഓരോ ഭക്ഷണത്തിനും മുന്‍പായി വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇതുവഴി സാധിക്കും.
- ജലാംശം നിലനിര്‍ത്തുന്നു – മണിക്കൂറുകളോളം ഉറങ്ങിയ ശേഷം എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിന്റെ ജലാംശം ഉണ്ടാവില്ല. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം ഉണ്ടാകാന്‍ സഹായിക്കും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുകയും ചെയ്യും.
- ചര്‍മത്തിന്റെ ആരോഗ്യം – ആരോഗ്യമുള്ള ചര്‍മത്തിന് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. രാവിലെ വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മത്തില്‍ ചുളിവുകള്‍ വരുന്നത് കുറയ്ക്കുകയും ചര്‍മത്തിന് തിളക്കമേകുകയും ചെയ്യും.
- ഉപാപചയ പ്രവര്‍ത്തനം – രാവിലെ വെള്ളം കുടിക്കുന്നതു മൂലം ഉപാപചയപ്രവര്‍ത്തനം 30 ശതമാനം വരെ വര്‍ധിക്കുന്നു. ഇത് പകല്‍മുഴുവന്‍ കൂടുതല്‍ കാലറി കത്തിക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഊര്‍ജം നിലനിര്‍ത്താനും സഹായിക്കും.
- ഹൃദയാരോഗ്യം – രാവിലെ ആവശ്യത്തിന് ജലാംശം ശരീരത്തിലെത്തുന്നത് ഹൃദയത്തിനുള്ള സമ്മര്‍ദം കുറയ്ക്കുന്നു. ഇത് രക്തസമ്മര്‍ദത്തിന്റെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതോടൊപ്പം പ്രധാനപ്പെട്ട അവയവങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
- വിഷാംശങ്ങളെ നീക്കുന്നു – രാത്രിയില്‍ ശരീരം അതിന്റെ കേടുപാടുകള്‍ പരിഹരിക്കുകയാവും, ഈ സമയത്ത് ശരീരത്തില്‍ വിഷാംശം (toxins) അടിഞ്ഞുകൂടും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ഈ വിഷാംശങ്ങളെ നീക്കും. വൃക്കകളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഇത് സഹായിക്കും.
- രോഗപ്രതിരോധശക്തി – ശരീരത്തില്‍ ജലാംശം ധാരാളം ഉള്ളത് ലിംഫാറ്റിക് സിസ്റ്റത്തിന്റെ സന്തുലനത്തിന് സഹായകമാണ്. ആരോഗ്യകരമായ ഒരു രോഗപ്രതിരോധ സംവിധാനത്തിന് ഇതാവശ്യമാണ്. രാവിലെ വെള്ളം കുടിക്കുന്നത് ലിംഫ് ഫ്ലൂയ്ഡുകളുടെ സര്‍ക്കുലേഷന് സഹായിക്കുന്നു. ഒപ്പം വിഷാംശങ്ങളെ നീക്കുന്നതിനും ഇമ്മ്യൂണ്‍ ഡിഫന്‍സിനും ഇത് സഹായിക്കും.
- തലച്ചോറിന്റെ പ്രവര്‍ത്തനം – തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. നിര്‍ജലീകരണം ബൗദ്ധികപ്രവര്‍ത്തനങ്ങളെ തകരാറിലാക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് ഏകാഗ്രത വര്‍ധിപ്പിക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും സഹായിക്കും.
- ദഹനത്തിന് സഹായകം – രാവിലെ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. ദഹനപ്രക്രിയ മെച്ചപ്പെടുകയും മലബന്ധം തടയുകയും ചെയ്യും. ദിവസം മുഴുവന്‍ പോഷകങ്ങളുടെ മെച്ചപ്പെട്ട ആഗിരണത്തിനും വെള്ളം കുടി സഹായിക്കും.
- ഊര്‍ജം ഏകുന്നു – നിര്‍ജലീകരണം, കടുത്ത ക്ഷീണത്തിനും മൂഡ്സ്വിങ്സിനും കാരണമാകും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഊര്‍ജനില വര്‍ധിപ്പിക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും. ഉന്മേഷത്തോടെ ദിവസം തുടങ്ങാനും ഇത് സഹായിക്കും.