സഹപ്രവര്‍ത്തകര്‍ പല കാര്യങ്ങള്‍ ഉന്നയിച്ച് സമരവും പ്രതിഷേധവുമായി നടക്കുമ്പോള്‍ ടെലിവിഷന്‍ ടോക്ക്‌ഷോയുമായി മുമ്പോട്ട് പോകുവാനുള്ള ഹോളിവുഡ് ചാര്‍ലി ഏഞ്ചല്‍ ഡ്രൂ ബാരിമോറിന്റെ തീരുമാനം ചില്ലറ വിമര്‍ശനമല്ല വിളിച്ചുവരുത്തിയത്. നല്ല കാലുവാരിത്തരമെന്നായിരുന്നു പലരുടേയും അഭിപ്രായം.
എന്തായാലും വിമര്‍ശനങ്ങള്‍ ഏറ്റു. ടോക്‌ഷോ പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചാര്‍ലീസ് ഏഞ്ചല്‍സ് നടി. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ അംഗങ്ങള്‍ സമരത്തില്‍ തുടരുന്നതിനാല്‍ തന്റെ ടോക്ക് ഷോയില്‍ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഡ്രൂ ബാരിമോര്‍ ടെലിവിഷന്‍, ചലച്ചിത്ര രചയിതാക്കളോട് ക്ഷമാപണം നടത്തി.
”എഴുത്തുകാരോട് ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ യൂണിയനുകളോട് അഗാധമായി ക്ഷമ ചോദിക്കുന്നു.” വെള്ളിയാഴ്ച പങ്കിട്ട വൈകാരിക വീഡിയോയിലൂടെയായിരുന്നു ക്ഷമാപണം. അതേസമയം എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരങ്ങള്‍ക്കിടയില്‍ സംപ്രേഷണം ചെയ്തതോ നിര്‍മ്മാണം പുനരാരംഭിച്ചതോ ആയ ടോക്ക് ഷോ അവളുടേത് മാത്രമല്ല.
‘ദി വ്യൂ’, ‘ടാംറോണ്‍ ഹാള്‍’, ‘ലൈവ് വിത്ത് കെല്ലി ആന്‍ഡ് മാര്‍ക്ക്’ എന്നിവ നിലവില്‍ പുതിയ എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഷെറി ഷെപ്പേര്‍ഡ്, ജെന്നിഫര്‍ ഹഡ്സണ്‍ എന്നിവരുടെ ടോക്ക് ഷോകളും സെപ്റ്റംബര്‍ 18-ന് വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.