Good News

യജമാനന്‍ മലയിടുക്കില്‍ കാര്‍ മറിഞ്ഞ് അപകടത്തില്‍ പെട്ടു ; നാലുമൈല്‍ ഓടി നായ സഹായത്തിന് ആളെ കൊണ്ടുവന്നു

മനുഷ്യര്‍ക്ക് നായ സഹായമായി മാറിയതിന്റെയും നന്ദി കാട്ടിയതിന്റെയും നൂറായിരം കഥയെങ്കിലുമുണ്ടാകും. എന്നാല്‍ അപകടത്തില്‍ പെട്ട ബ്രാന്‍ഡന്‍ ഗാരറ്റിന്റെ കഥ അല്‍പ്പം വ്യത്യസ്തമാണ്. തന്റെ നാലു നായ്ക്കളുമായി ഒറിഗോണിലെ പര്‍വതപാതയില്‍ സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍ പെട്ട യജമാനനെ രക്ഷിക്കാന്‍ നായകളില്‍ ഒന്ന് സഞ്ചരിച്ചത് നാലു മൈല്‍ മരുഭൂമിയും പാതകളും.

ഒറിഗോണിലെ പര്‍വതങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഗാരറ്റ് സഞ്ചരിച്ച പിക്കപ്പ് മറിഞ്ഞു. യുഎസ് ഫോറസ്റ്റ് സര്‍വീസ് റോഡ് 39-ല്‍ ആയിരുന്നു അപകടം. അപകടത്തില്‍ ഗാരറ്റിന് പരിക്കേറ്റു. നാല് നായ്ക്കളില്‍ ഒന്ന് സഹായത്തിനായി ഓടി. ഗാരറ്റിന്റെ ബന്ധുമിത്രാദികള്‍ താമസിക്കുന്ന ഒരു ക്യാമ്പ്് സൈറ്റിലേക്ക് നായ സഹായം തേടി ഓടി. നാലുമൈല്‍ യാത്രയ്ക്കിടയില്‍ മരുഭൂമിയും മലമ്പാതകളുമെല്ലാം താണ്ടി.

പകല്‍ പോയയാള്‍ രാത്രിയിലും വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് കുടുംബം ഈസമയത്ത ആശങ്കയിലായിരുന്നു. ഇവിടെ എത്തിച്ചേര്‍ന്ന നായയെയും അതിന്റെ രൂപവും കണ്ടപ്പോള്‍ പന്തികേട് തോന്നി. അപകടത്തില്‍ പെട്ട ഗാരറ്റ് ഈ സമയത്ത് നൂറുമീറ്ററോളം ഇഴഞ്ഞു നീങ്ങി ഒരു ഉണങ്ങിയ നിലം കണ്ടെത്തി അവിടെ രാത്രി കഴിച്ചുകൂട്ടി. ഇവിടെയെത്തിയ സഹായികള്‍ ഗാരറ്റിന് വേണ്ടി തെരച്ചില്‍ തുടങ്ങിയിരുന്നു.

പിറ്റേന്ന് ജൂണ്‍ 3 ന് രാവിലെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ വാഹനം കണ്ടെത്തി. എമര്‍ജന്‍സി സര്‍വീസുകളെ വിളിച്ചു. ബേക്കര്‍ കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ റോപ്‌സ് ടീമിലെ അംഗങ്ങള്‍ തങ്ങളുടെ രക്ഷാ ഉപകരണങ്ങള്‍ സജ്ജമാക്കി പ്രതിബന്ധങ്ങളെ തരണം ചെയ്തു ഗാരറ്റിലേക്ക് എത്തി. ചെയിന്‍സോകളുടെ സഹായത്തോടെ കാടു വെട്ടിത്തെളിച്ചാണ് അവനിലേക്ക് എത്തിച്ചേര്‍ന്നത്. പിന്നീട് ഹൈലൈന്‍ റോപ്പ് സിസ്റ്റവുമായി ബന്ധിപ്പിച്ച് മെഡിക്കല്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിച്ച ശേഷം എയര്‍ലിഫ്റ്റ് വഴി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.