പേര് ‘ഡോഗ് ബാബു’, പിതാവിന്റെ പേര് ‘കുട്ട ബാബു’, അമ്മയുടെ പേര്‍ ‘കുട്ടിയ ദേവി’… ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിവാദമായതിനു പിന്നാലെയാണു നായയ്‌ക്കു നല്‍കിയ താമസ സര്‍ട്ടിഫിക്കറ്റ് വൈറലായത്. ഗോള്‍ഡന്‍ റിട്രീവര്‍ നായയാണു ‘ഡോഗ് ബാബു’.
സംഭവം പുറത്തറിഞ്ഞ ഉടന്‍ തന്നെ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. എങ്കിലും ‘ഡോഗ് ബാബു’വിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
മസൗറിയ പോസ്‌റ്റ് ഓഫീസ് പരിധിയിലാണ് ഡോഗ് ബാബു താമസിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്. റവന്യൂ ഉദ്യോഗസ്‌ഥന്‍ മുരരി ചൗഹാന്‍ ഡിജിറ്റലായി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിന്റെ പബ്ലിക് സര്‍വീസ് പോര്‍ട്ടലിലൂടെയാണു നല്‍കപ്പെട്ടത്.
ഡല്‍ഹിയിലെ ഒരു സ്‌ത്രീയുടെ രേഖകള്‍ ഉപയോഗിച്ചാണു സര്‍ട്ടിഫിക്കറ്റ് സൃഷ്‌ടിച്ചതെന്ന് കണ്ടെത്തി. അവരുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. സര്‍ട്ടിഫിക്കറ്റ് അനുവദിച്ചവരെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ടെന്നാണു സര്‍ക്കാര്‍ വിശദീകരണം.
“നിങ്ങളുടെ സ്വന്തം കണ്ണുകൊണ്ട് കാണുക! ജൂലൈ 24 ന്, ഒരു നായയ്ക്ക് ബീഹാറിൽ നിർമ്മിച്ച ഒരു റെസിഡൻസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ആധാറും റേഷൻ കാർഡുകളും വ്യാജമാണെന്ന് പ്രഖ്യാപിക്കുമ്പോൾ, ബീഹാറിലെ എസ്‌ഐആറിൽ സ്വീകരിക്കുന്ന അതേ സർട്ടിഫിക്കറ്റാണിത്. നിങ്ങൾക്ക് ഫോട്ടോ പരിശോധിച്ച് സ്വയം പേര് നൽകാം. വിഷമിക്കേണ്ട: ഈ വിഷയത്തിൽ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്!” സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് എഴുതി.
ഇത് ഒറ്റപ്പെട്ട കേസല്ല, രണ്ടാഴ്ച മുമ്പ് മറ്റൊരു വിചിത്ര സർട്ടിഫിക്കറ്റ് പുറത്തുവന്നു. ‘സോണാലിക ട്രാക്ടർ’ എന്ന പേരിൽ തമാശ പോലെ തോന്നിക്കുന്ന വിലാസത്തിൽ സർട്ടിഫിക്കറ്റ് നൽകി – ഗ്രാമം – ‘ട്രാക്ടർപൂർ ദിയാര’.




