ഭക്ഷണക്രമം കൊണ്ട് ആർത്തവ സമയത്തെ വേദനകളെ നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പേശികളിലെ പിരിമുറുക്കം കുറയ്ക്കാനും, വീക്കം കുറയ്ക്കാനും അതുവഴി ഈ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും സാധിക്കും.
ഡിസ്മെനോറിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആർത്തവ വേദന പല സ്ത്രീകൾക്കും എല്ലാ മാസവും ഉണ്ടാകാറുണ്ട്. അസ്വസ്ഥതകൾക്കൊപ്പം, വയറുവീർക്കൽ, ക്ഷീണം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയും ഉണ്ടാകാം. വേദനസംഹാരികൾക്ക് താൽക്കാലിക ആശ്വാസം നൽകാൻ കഴിയുമെങ്കിലും, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വീക്കം കുറയ്ക്കാനും, പേശികളെ റിലാക്‌സ് ചെയ്യാനും, ഹോർമോൺ ബാലൻസ് നിലനിർത്താനും സഹായിക്കും.
പതിവായുള്ള വ്യായാമം, സ്ട്രെസ് മാനേജ്‌മന്റ് എന്നിവയോടൊപ്പം ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആർത്തവ കാലം കൂടുതൽ എളുപ്പമാക്കാം. ദ ഡെയ്‌ലി ജാഗരണുമായി നടത്തിയ ഒരു അഭിമുഖത്തിൽ, ഗുരുഗ്രാമിലെ സി കെ ബിർള ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡയറക്ടർ ഡോ. ദീപിക അഗർവാൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചു.
ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഇലക്കറികൾ
ചീര, ഉലുവ ഇലകൾ എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ പേശികളെ റിലാക്‌സ് ചെയ്യാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. ഈ ഇലക്കറികളിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വിളർച്ച, ക്ഷീണം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
കൊഴുപ്പുള്ള മത്സ്യം
സാൽമൺ, അയല, മത്തി എന്നിവ ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടങ്ങളാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് വീക്കം കുറയ്ക്കാൻ സാധിക്കും. ഇത് ഗർഭാശയ സങ്കോചങ്ങൾക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന രാസവസ്തുക്കളുടെ അളവ് കുറച്ച് വേദന കുറയ്ക്കാൻ സഹായിക്കുന്നു.
വാഴപ്പഴം
പൊട്ടാസ്യം, വിറ്റാമിൻ ബി 6 എന്നിവയാൽ സമ്പുഷ്ടമാണ് വാഴപ്പഴം. ഇത് പേശികളുടെ സങ്കോചം നിയന്ത്രിക്കാനും, വയറുവീർക്കുന്നത് കുറയ്ക്കാനും, സെറോടോണിൻ ഉത്പാദനം വർദ്ധിപ്പിച്ച് ആർത്തവ സമയത്ത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
നട്‌സും വിത്തുകളും
ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡ്, മത്തങ്ങ വിത്തുകൾ എന്നിവയിൽ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും പേശികളെ റിലാക്‌സ് ചെയ്യാനും സഹായിക്കുന്നു. ഈസ്ട്രജൻ ബാലൻസ് നിലനിർത്തി ഹോർമോൺ സ്ഥിരതയ്ക്കും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് (മിതമായ അളവിൽ)കുറഞ്ഞത് 70% കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യവും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പിരിമുറുക്കം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
കുറഞ്ഞ പഞ്ചസാരയുള്ള ചോക്ലേറ്റുകൾ
ഷുഗർ ലെവൽ കൂടുന്നത് ഒഴിവാക്കാൻ കുറഞ്ഞ പഞ്ചസാരയുള്ള ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുക.
ഹെർബൽ ടീ
ചമോമൈൽ, ഇഞ്ചി ചായ എന്നിവയിൽ വീക്കം കുറയ്ക്കുന്നതും വേദന കുറയ്ക്കുന്നതുമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ പേശികളെ റിലാക്‌സ് ചെയ്യാനും, സമ്മർദ്ദം കുറയ്ക്കാനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
ബെറികളും സിട്രസ് പഴങ്ങളും
ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച്, നാരങ്ങ എന്നിവയിൽ വിറ്റാമിൻ സി യും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഇല്ലാതാക്കാനും ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് ഊർജ്ജനില മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ധാന്യങ്ങൾ
ഓട്സ്, ബ്രൗൺ റൈസ്, ക്വിനോവ എന്നിവയിൽ ധാരാളം കാർബോഹൈഡ്രേറ്റുകളും വിറ്റാമിൻ ബി യും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും, പേശികളെ റിലാക്‌സ് ചെയ്യാനും, ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു.




