Featured Good News

1.10 ലക്ഷം കോടിയുടെ ഉടമ, സ്വയം ഓടിക്കുന്നത് 6 ലക്ഷംരൂപയുടെ കാർ, സ്വന്തമായി മൊബൈൽ ഫോണ്‍ പോലുമില്ല

1.10 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. എന്നാല്‍ വിനയത്തില്‍ ഇദ്ദേഹത്തെ വെല്ലാനും ആരുമില്ല. ഇപ്പോഴും സഞ്ചരിക്കുന്നത് സ്വന്തമായി ഡ്രൈവ് ചെയ്ത് 6 ലക്ഷം രൂപയുടെ കാറില്‍. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍ പോലും ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരനായ രാമമൂര്‍ത്തി ത്യാഗരാജനാണ് കഥാനായകന്‍.

1960കളില്‍ സ്ഥാപിച്ച പ്രസിദ്ധമായ ശ്രീറാം ഗ്രൂപ്പിന്റെ സൂത്രധാരനായ രാമമൂര്‍ത്തി ത്യാഗരാജന്റെ കഥ അധികമാര്‍ക്കും അറിയില്ല. ഒരു ചിട്ടി ഫണ്ട് കമ്പനിയായി ആരംഭിച്ച് ഇന്ന് ഭീമാകാരമായി വളര്‍ന്നിരിക്കുന്ന ശ്രീറാം ഫിനാന്‍സ് 1.10 ലക്ഷം കോടിയുടെ വിപണി മൂലധനമാണ് നേടിയിരിക്കുന്നത്. കോടീശ്വരന്‍ ആണെങ്കിലും ആഡംബര ജീവിതം നയിക്കാന്‍ ആഗ്രഹമില്ലാത്തയാളാണ് ഇദ്ദേഹം. എന്നാല്‍ ത്യാഗരാജന്‍ എങ്ങനെയാണ് ഇത്രയും വലിയ വിജയം നേടിയത്?

സമ്പത്തിനെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ അതുല്യമായ സമീപനമാണ് ആ രഹസ്യം. ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടാണ് ത്യാഗരാജന്‍ തനെ് കരിയര്‍ തുടങ്ങിയത്, എന്നാല്‍ പരമ്പരാഗത ബാങ്കുകള്‍ ജനസംഖ്യയുടെ ഒരു പ്രധാന വിഭാഗത്തെ -ട്രക്ക് ഡ്രൈവര്‍മാരെയും മറ്റ് താഴ്ന്ന വരുമാനക്കാരെയും അവഗണിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു അവസരം വന്നപ്പോള്‍, വാണിജ്യ വാഹനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവഗണിക്കപ്പെട്ട ഈ ഗ്രൂപ്പുകള്‍ക്ക് അദ്ദേഹം വായ്പ വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. ഇതിലൂടെ അദ്ദേഹം ഒരു പുതിയ വിപണി സൃഷ്ടിക്കുകയും അതിലൂടെ കമ്പനി അതിവേഗം വളരുകയും ചെയ്തു.

കോടിക്കണക്കിന് രൂപയുടെ സമ്പത്തുണ്ടായിട്ടും ത്യാഗരാജന്റെ ജീവിതശൈലി അദ്ദേഹത്തിന്റെ വിനയത്തിന്റെ തെളിവായി നിലകൊള്ളുന്നു. അദ്ദേഹം തന്റെ 6 ലക്ഷം രൂപയുടെ കാര്‍ ഓടിക്കുന്നത് ഇപ്പോഴും തുടരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ കെണികളില്‍നിന്ന് ഒഴിവാകുകയും, ജനശ്രദ്ധയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു. കൂടാതെ 750 മില്ല്യണ്‍ ഡോളര്‍ ആസ്ഥിയുള്ള ഒരു കമ്പനിയിലെ തന്റെ ഓഹരികള്‍ വില്‍ക്കുകയും ആ വരുമാനം സമൂഹത്തിനുവേണ്ടി ഒരു ട്രസ്റ്റിനു സമര്‍പ്പിക്കുകയും ചെയ്തു. ഇതിലൂടെ ലാളിത്യത്തോടും മനുഷ്യസ്‌നേഹത്തോടുമുള്ള തന്റെ പ്രതിബദ്ധത
അദ്ദേഹം കൂടുതല്‍ വെളിവാക്കി.

യഥാര്‍ത്ഥ വിജയം അളക്കുന്നത് ഭൗതിക സമ്പത്ത് കൊണ്ടല്ല, മറിച്ച് ഒരാള്‍ മറ്റുള്ളവരില്‍ ചെലുത്തുന്ന സ്വാധീനത്തിലാണ് എന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് രാമമൂര്‍ത്തി ത്യാഗരാജന്റെ കഥ .അദ്ദേഹത്തിന്റെ ജീവിതം എളിമയുടെയും നല്ലചിന്തയുടെയും ശക്തിയുടെയും പാഠമായാണ് നാം കാണേണ്ടത്