Featured Lifestyle

കൊക്കോ ക്ഷാമം; ചോകേ്ലറ്റ്‌ ‘ഔട്ട്‌’, പകരം ഫാവ; യഥാര്‍ത്ഥ ചോകേ്ലറ്റ്‌ ഭാവിയില്‍ ഒരു ‘ആഡംബര’ ഇനം?

പല യൂറോപ്യന്‍ വിഭവങ്ങളില്‍നിന്നു കൊക്കോ ‘ഔട്ട്‌’. ഇളം തവിട്ട്‌ നിറത്തിലുള്ള ചോകേ്ലറ്റ്‌ പോലുള്ള കോട്ടിംഗുള്ള വിഭവങ്ങളില്‍ പകരം ഇടംപിടിക്കുന്നത്‌ ഫാവ അല്ലെങ്കില്‍ ബ്രോഡ്‌. ഫാവ തരംഗത്തിനു പിന്നില്‍ കൊക്കോ ക്ഷാമമാണ്‌. ചോകേ്ലറ്റ്‌ വില കുതിച്ചുയരുന്ന സാചര്യത്തിലാണു ആളുകള്‍ ഫാവയെ കൂടുതലായി ആശ്രയിക്കുന്നത്‌.

‘ചോകേ്ലറ്റിന്റെ വിലയിലെ ശരാശരി വര്‍ധന 2024 നെ അപേക്ഷിച്ച്‌ 9% ആണ്‌. അവയുടെ ക്ഷാമമാണു കൂടുതല്‍ പ്രശ്‌നം. മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ സ്‌ഥാപനമായ മിന്റലിലെ യു.കെ. ഫുഡ്‌ ആന്‍ഡ്‌ ഡ്രിങ്ക്‌ റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ അനലിസ്‌റ്റ് റിച്ചാര്‍ഡ്‌ കെയ്‌ന്‍സ്‌ വ്യക്‌തമാക്കി. ജനുവരിയില്‍ മാത്രം 14 ശതമാനമാണു വര്‍ധിച്ചത്‌. കൊക്കോക്കുരുവിന്റെ വിലയില്‍ 2024 ല്‍ ഉണ്ടായ വര്‍ധന 300%.

കൊക്കോ ഫാമുകളില്‍, പ്രത്യേകിച്ച്‌ പശ്‌ചിമാഫ്രിക്കയില്‍, കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഘാതങ്ങളാണു കൊക്കോക്കുരു ക്ഷാമത്തിനു പ്രധാന കാരണം. ഘാനയിലെ കര്‍ഷകര്‍ കൊക്കോക്കൃഷി ഉപേക്ഷിച്ചു അനധികൃത സ്വര്‍ണ ഖനനത്തിലേക്കു നീങ്ങി. കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ ഏകദേശം 500,000 ടണ്‍ കൊക്കോ ബീന്‍സിന്റെ കുറവുണ്ടായി.

യഥാര്‍ത്ഥ ചോകേ്ലറ്റ്‌ ഭാവിയില്‍ ഒരു ‘ആഡംബര’ ഇനമായി മാറുമെന്ന്‌ ഇറ്റാലിയന്‍ കമ്പനിയായ ഫോറെവര്‍ലാന്‍ഡിന്റെ സഹസ്‌ഥാപകനും ചീഫ്‌ എക്‌സിക്യൂട്ടീവുമായ മാസിമോ സബാറ്റിനി പറയുന്നു.

മാര്‍ച്ചില്‍ കമ്പനി അതിന്റെ ഉത്‌പാദന സൗകര്യം തുറന്നു, അവിടെ ജീവനക്കാര്‍ കൊക്കോ ബീന്‍സ്‌ അല്ല, കരോബ്‌ ഉമി സംസ്‌കരിക്കുന്നു. കരോബ്‌ മരങ്ങള്‍ വിത്തുകള്‍ അടങ്ങിയ ചെറിയ, തവിട്ട്‌ കായകള്‍ ഉത്‌പാദിപ്പിക്കുന്നു. കൊക്കോ പോലുള്ള പൊടി സൃഷ്‌ടിക്കാന്‍ ആ കായകള്‍ കൊണ്ട്‌ കഴിയും.
1970 കളില്‍ കരോബ്‌ അധിഷ്‌ഠിത മിഠായികള്‍ വിപണിയിലെത്തിയിരുന്നു. പക്ഷേ, ജനങ്ങള്‍ക്ക്‌ അവ ചോകേ്ലറ്റ്‌ പോലെ ഇഷ്‌ടമായില്ല. കരോബിന്‌ ശരിക്കും ചോകേ്ലറ്റ്‌ പോലെ രുചിയില്ല. പക്ഷേ, ഫാക്‌ടറികളില്‍ അവയെ രുചിയുടെ കാര്യത്തിലെങ്കിലും കൊക്കോയോട്‌ അടുപ്പിക്കുന്നു. കരോബ്‌ അടിസ്‌ഥാനമാക്കിയുള്ള ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ ബദല്‍ യഥാര്‍ത്ഥ ഡാര്‍ക്ക്‌ ചോകേ്ലറ്റിനേക്കാള്‍ മധുരമുള്ളതാണെന്ന്‌ അവകാശപ്പെടുന്നവരുമുണ്ട്‌.

കരോബിന്‌ ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടെന്നാണു നിര്‍മാതാക്കളുടെ വാദം. ‘പഞ്ചസാരയുടെ അളവ്‌ ഗണ്യമായി കുറയ്‌ക്കാന്‍ അതിനു കഴിയും. കരോബില്‍ നാരുകള്‍ കൂടുതലും കൊക്കോയേക്കാള്‍ കൊഴുപ്പ്‌ കുറവുമാണ്‌.
ജര്‍മ്മന്‍ ഭക്ഷ്യ നിര്‍മ്മാതാക്കളായ പ്ലാനറ്റ്‌ എ ഫുഡ്‌സ് വ്യത്യസ്‌തമായ ചോകേ്ലറ്റ്‌ ബദല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ചോകേ്ലറ്റ്‌ മാറ്റിസ്‌ഥാപിക്കുകയല്ല, മറിച്ച്‌ കൊക്കോ ലഭ്യതയിലും വിലയിലുമുള്ള ചാഞ്ചാട്ടം മൂലമുണ്ടായ വിപണിയിലെ വിടവ്‌ നികത്താന്‍ സഹായിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ സഹസ്‌ഥാപകയും ചീഫ്‌ ടെക്‌നോളജി ഓഫീസറുമായ സാറാ മാര്‍ക്വര്‍ട്ട്‌ പറയുന്നു.
പ്ലാനറ്റ്‌ എ ഫുഡ്‌സ് സൂര്യകാന്തി വിത്തുകളെയാണ്‌ ആശ്രയിക്കന്നത്‌. ‘കൊക്കോ ബീന്‍സ്‌ പോലുള്ള സൂര്യകാന്തി വിത്തുകള്‍ ഞങ്ങള്‍ സംസ്‌കരിക്കുന്നു, അവ വിപണിയില്‍ അനായാസം ലഭ്യമാണ്‌. – സാറ പറഞ്ഞു. അവ ഇപ്പോള്‍ ഏകദേശം 35 വ്യത്യസ്‌ത റീട്ടെയില്‍ ഉല്‍പ്പന്നങ്ങളില്‍ ഉണ്ട്‌, കൂടുതലും ജര്‍മ്മനിയിലെയും ഫ്രാന്‍സിലെയും വിപണിയില്‍.
യു.കെയില്‍ ആല്‍ഡി വില്‍ക്കുന്ന മിനി മുട്ടയുടെ ആകൃതിയിലുള്ള മധുരപലഹാരങ്ങളിലും അത്‌ കാണപ്പെടുന്നു. നിലക്കടല ഉപയോഗിച്ചാണ്‌ മധുരപലഹാരങ്ങള്‍ നിര്‍മിക്കുന്നത്‌, കൂടാതെ ചോവിവ അടങ്ങിയ ചോകേ്ലറ്റ്‌ പോലുള്ള കോട്ടിംഗും ഉണ്ട്‌. ചോവിവ പൊതിഞ്ഞ ബിസ്‌കറ്റും വിപണിയിലെത്തുന്നുണ്ട്‌.
യു.കെ. സ്‌റ്റാര്‍ട്ടപ്പായ നുകോകോ ആണ്‌ ചോകേ്ലറ്റിനു ബദല്‍ തേടുന്ന മറ്റൊരു കമ്പനി. അതിന്റെ സ്‌ഥാപകര്‍ മുമ്പ്‌ ചോകേ്ലറ്റ്‌ ബിസിനസ്സ്‌ നടത്തിയിരുന്നു. കൊക്കോ ബീന്‍സ്‌ ലഭിക്കാത്തതിനെ തുടര്‍ന്നാണു പുതിയ സംരംഭം തുടങ്ങിയത്‌.
‘ചോകേ്ലറ്റ്‌ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിട്ട്‌ കണ്ടു,’ സഹസ്‌ഥാപകനായ റോസ്‌ ന്യൂട്ടണ്‍ പറയുന്നു. നുക്കോക്കോയുടെ കാര്യത്തില്‍ കൊക്കോക്കുരുവിന്റെ ബദല്‍ കരോബ്‌ അല്ലെങ്കില്‍ സൂര്യകാന്തി വിത്തുകളല്ല, മറിച്ച്‌ ഫാവാ ബീന്‍സ്‌ ആണ്‌. യുകെയില്‍ ഓരോ വര്‍ഷവും ഏകദേശം ഒരു 10 ലക്ഷം ടണ്‍ ഫാവാ ബീന്‍സാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഈ വര്‍ഷം അവസാനം ഭക്ഷ്യ സ്‌ഥാപനങ്ങള്‍ക്ക്‌ ഫാവാ പൗഡര്‍ വില്‍ക്കാനാണ്‌ അവരുടെ പദ്ധതി.
യഥാര്‍ത്ഥ ചോകേ്ലറ്റിന്റെ സ്വാദ്‌ അനുകരിക്കുന്നത്‌ വളരെ ബുദ്ധിമുട്ടാണെന്ന്‌ ഗവേഷകര്‍ പറയുന്നു, പക്ഷേ യഥാര്‍ത്ഥ ചോകേ്ലറ്റിലെ 25 നിര്‍ണായക സംയുക്‌തങ്ങളില്‍, നുക്കോക്കോയുടെ ഉല്‍പ്പന്നം 24 എണ്ണം ഉള്‍പ്പെടുത്തുന്നു.
ചോകേ്ലറ്റ്‌ ബദലുകള്‍ വിജയിക്കുകയാണെങ്കില്‍, കൊക്കോ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഓക്‌സ്ഫഡ്‌ സര്‍വകലാശാലയിലെ ബയോളജി ലക്‌ചറര്‍ ടോന്യ ലാന്‍ഡര്‍ അഭിപ്രായപ്പെട്ടു.
നുക്കോക്കോ, പ്ലാനറ്റ്‌ എ ഫുഡ്‌സ്, ഫോറെവര്‍ലാന്‍ഡ്‌ എന്നിവയെല്ലാം ചോകേ്ലറ്റ്‌ മാറ്റിസ്‌ഥാപിക്കാന്‍ ലക്ഷ്യമിടുന്നില്ലെന്ന്‌ പറയുന്നു, മറിച്ച്‌, കൊക്കോ ഉത്‌പാദനത്തിലെ കുറവുകള്‍ അവശേഷിക്കുന്ന വിടവ്‌ നികത്തുകയാണ്‌ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *