Health

ഫോണില്‍ തൊണ്ടിത്തോണ്ടി… ഇന്ത്യക്കാര്‍ക്ക്‌ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? സര്‍വേ സൂചിപ്പിക്കുന്നത് ഇങ്ങനെ

ഇന്ത്യക്കാരില്‍ അധികം പേര്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇത് പിന്നീട് അവരുടെ ശാരീരകവും മാനസികവുമായ ആരോഗ്യത്തിനെ ബാധിക്കുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യക്കാരില്‍ 55 ശതമാനം ആളുകളും അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഉറങ്ങുന്നതെന്ന് മാര്‍ച്ച് 2024നും ഫെബ്രുവരി 2025നും ഇടയില്‍ വേക്ക്ഫിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 2022ല്‍ 46 ശതമാനമായിരുന്നു. വൈകിയുളള ഉറക്കത്തിന് പുറമേ ഉറക്കത്തിന്റെ സമയവും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

40 ശതമാനം ഇന്ത്യക്കാര്‍ക്കും 6 മണിക്കൂര്‍ പോലും ഉറക്കം രാത്രിയില്‍ ലഭിക്കുന്നില്ല. 7- 9 മണിക്കൂറാണ് മികച്ച ശാരീരക മാനസികാരോഗ്യത്തിനായി സര്‍വേ ശുപാര്‍ശ ചെയ്തിട്ടുള്ള ഉറക്കസമയം. 10 മണിയാണ് രാത്രി ഉറങ്ങാനായുള്ള അനുയോജ്യസമയം. സര്‍വേ അനുസരിച്ച് 58 ശതമാനം ഇന്ത്യക്കാരും 11ന് ശേഷമാണ് ഉറങ്ങുന്നത്. ഈ വൈകിയുള്ള ഉറക്കം മൂലം അധികം ആളുകള്‍ക്കും ഉണരുമ്പോള്‍ ഉഷാറ് തോന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ 50 ശതമാനം സ്ത്രീകളും 42 ശതമാനം പുരുഷന്മാരുമുണ്ട്. ഉറങ്ങിയതിന് ശേഷം ഇടയ്ക്കിടെ ഉറക്കത്തില്‍ ഞെട്ടുന്ന പ്രവണതയുമുണ്ട്. മൂന്ന് തവണയിലധികം ഇത്തരത്തില്‍ ഞെട്ടുന്നത് 13 ശതമാനം സ്ത്രീകളും 9 ശതമാനം പുരുഷന്മാരുമാണ്.

വര്‍ധിക്കുന്ന സ്‌ക്രീന്‍ ടൈം, ജോലി സമ്മര്‍ദ്ദം, ബിന്‍ജ് വാച്ചിങ്, ക്രമം തെറ്റിയ ഉറക്കം എന്നിവയാണ് ഇന്ത്യക്കാരുടെ ഉറക്കത്തിനെ ബാധിക്കുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തി. ഇന്ത്യക്കാരില്‍ ഏതാണ്ട് 65 ശതമാനത്തില്‍ അധികം ആളുകളും ഉറങ്ങുന്നതിന് മുമ്പ് ഫോണില്‍ തൊണ്ടുന്ന സ്വഭാവമുള്ളവരാണ്. സ്‌ക്രീനില്‍ നിന്നുള്ള നീല വെളിച്ചം ശരീരത്തിന് ഉറങ്ങാനുള്ള നിര്‍ദ്ദേശം നല്‍കുന്ന മെലട്ടോണിന്റെ ഉല്‍പാദത്തിനെ ബാധിക്കും.

ബിന്‍ജ് വാച്ച് ചെയ്യുന്നതാണ് 42 ശതമാനം ആളുകളുടെ ഉറക്കത്തിനെ ബാധിക്കുന്നത്. വിഷാദരോഗം, ഉത്കണ്ഠ, ഹൃദ്രോഹം, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങളും ഉറക്കക്കുറവ് മൂലം സംഭവിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും ഉണരുന്നതും ഉറക്കത്തിന് ക്രമം നല്‍കുന്നു. ഉറങ്ങുന്നതിന് 1 മണിക്കൂർ മുമ്പ് ടിവി, ഫോൺ എന്നിവയെല്ലാം മാറ്റി വെക്കണം. ഉറങ്ങുന്നതിന് മുമ്പ് കഫീനും കട്ടിയായ ഭക്ഷ ണവും ഒഴിവാക്കണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിനെ നല്‍കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *