Sports

സാനിയ മിർസയ്‌ക്കൊപ്പം പ്രവർത്തിക്കാന്‍ ആഗ്രഹമെന്ന് ജോക്കോവിച്ച്

മെല്‍ബണ്‍: സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള വിവാഹമോചനവും ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായതുമൊക്കെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നെന്ന് പിതാവ് ഇമ്രാൻ മിർസ പറഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ ടെന്നീസ് മേഖലയില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ നൊവാക് ജോക്കോവിച്ച്.

ടെന്നീസുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളുമായി കൂടുതല്‍ സമയം ഇന്ത്യയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യന്‍ ടെന്നീസിനായി വ്യക്തിപരമായ സംഭാവനകള്‍ നല്‍കണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്ന താരം സാനിയയുമായി നടത്തിയ ചാറ്റിനിടയിലാണ് ഈ ആഗ്രഹം വ്യക്തമാക്കിയത്.

”എനിക്ക് ഇന്ത്യയുമായി വലിയ ബന്ധമുണ്ട്. സെര്‍ബിയയുടെയും ഇന്ത്യയുടെയും ചരിത്രം പരിശോധിച്ചാല്‍ ധാരാളം സമാനതകളും ബന്ധങ്ങളും നമുക്ക് കണ്ടെത്താന്‍ കഴിയും. ഞാന്‍ ഇന്ത്യന്‍ ജനതയെ സ്‌നേഹിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും സൗമ്യരും സ്നേഹമുള്ളവരും ആത്മാര്‍ത്ഥതയുള്ളവരുമാണ് ഇന്ത്യക്കാര്‍. കായിക വിനോദങ്ങളെ അവര്‍ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു. ക്രിക്കറ്റാണ് ഇന്ത്യയില്‍ വലിയ കായികഇനം എന്നതില്‍ സംശയമില്ല. ഇന്ത്യയിലുടനീളം ടെന്നീസിനെ പിന്തുടരുന്ന വളരെയധികം ആളുകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.”

ഇന്ത്യയില്‍ കുട്ടികളെ പ്രൊഫഷണല്‍ ടെന്നീസ് രംഗത്തേക്ക് കൊണ്ടുവരുന്നതിനാണ് തന്റെ ആഗ്രഹം. കൂടുതല്‍ കുട്ടികള്‍ റാക്കറ്റ് പിടിച്ച് ടെന്നീസ് കളിക്കുന്നത് കാണാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നു. ഒരു ടെന്നീസ് താരം എന്ന നിലയില്‍ അത് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണിതെന്നും ജോക്കോവിച്ച് വ്യക്തമാക്കി.