ഭൂമിക്കും മണ്ണിനും നാശം വിതയ്ക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. നശിക്കാതെ മണ്ണില്‍ കാലങ്ങളോളം ഇത് കിടക്കുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇത് ഒരുപോലെ ഹാനികരമാണ്. ഇതുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങളാണ് ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകര്‍. മണ്ണിന് വളമാകുന്നതും കടലില്‍ അലിഞ്ഞു ചേരുന്നതുമായ പ്രത്യേക പ്ലാസ്റ്റിക് ഇവര്‍ കണ്ടെത്തി.
റൈക്കന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെ ഗവേഷകരാണ് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവ നിര്‍മിച്ചിരിക്കുന്നത് വിഷരഹിത ഘടകങ്ങള്‍ ഉപയോഗിച്ചാണ്. സമുദ്രത്തില്‍ ഈ പ്ലാസ്റ്റിക് ലയിച്ച് ഇല്ലാതാകുന്നതിനാല്‍ സമുദ്രജീവികള്‍ക്ക് ഭീഷണിയാവില്ല. മണ്ണില്‍ 10 ദിവസത്തിനകം അലിഞ്ഞുപോകും. പ്ലാസ്റ്റിക് വിഘടിക്കുമ്പോള്‍ ജൈവവസ്തുക്കളാകുന്നു. ഇത് മണ്ണിലെ കാര്‍ബണ്‍ പുനസ്ഥാപിക്കുകയും ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് വിഘടിക്കുന്ന സമയത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നില്ല എന്നാണ് ഇതിന്റെ ഒരു പ്രധാനപ്പെട്ട കാര്യമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.