പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് കോഴിമുട്ട. ഏത് നേരത്തെ ഭക്ഷണത്തിന്റെ കൂടെയും മുട്ടയെ കൂട്ടാനാകും. ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ടയെ ചുറ്റിപറ്റി നമ്മളില്‍ പലര്‍ക്കും ഇന്നും മുട്ടന്‍ സംശയങ്ങളാണ്. മുട്ടയുടെ മഞ്ഞ കഴിക്കാമോ, മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോ എന്നിങ്ങനെ പല ആശങ്കകള്‍ മുട്ടയെ പറ്റി പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ മുട്ടയെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും തിരുത്തുന്നതാണ് കാലിഫോര്‍ണിയയില്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗരഭ് സേത്തിയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. എയിംസ്, ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ പരിശീലനം നേടിയിട്ടുള്ള ഡോ. സൗരഭ് മുട്ടയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.
ദിവസത്തിന്റെ തുടക്കത്തിൽ ഊർജ്ജവും പ്രോട്ടീനും നൽകാൻ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും മിതമായ രീതിയിൽ മുട്ട കഴിക്കുന്നത് കൊണ്ട് കൊളസ്‌ട്രോൾ വർദ്ധിക്കില്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു.
മുട്ടയിൽ കാർബോഹൈഡ്രേറ്റ് ഇല്ലാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല എന്നതും ശ്രദ്ധേയമാണ്. മുട്ടയിലെ പ്രോട്ടീൻ വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനാൽ അമിതമായി ആഹാരം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും, ഇത് ശരീരഭാരവും കുടവയറും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഫാറ്റി ലിവർ ഉള്ളവർക്കും മുട്ട മിതമായ തോതിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് പഞ്ചസാരയോടുള്ള താൽപ്പര്യം കുറയ്ക്കാൻ സഹായിക്കും. പൊതുവേ മുട്ട ഗ്യാസ് ഉണ്ടാക്കാറില്ലെങ്കിലും ചില വ്യക്തികൾക്ക് അത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം, അങ്ങനെയുള്ളവർ സ്വന്തം വയറിന്റെ പ്രതികരണത്തിനനുസരിച്ച് അളവ് ക്രമീകരിക്കണം. മുട്ട കഴിക്കുന്നതിനൊപ്പം കാപ്പിയോ ഗ്രീൻ ടീയോ കുടിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
മറ്റൊരു പ്രധാന കാര്യം, മുട്ട പച്ചയ്ക്ക് കഴിക്കുന്നതിനേക്കാൾ പാകം ചെയ്ത് കഴിക്കുന്നതാണ് പ്രോട്ടീൻ ആഗിരണത്തിന് കൂടുതൽ നല്ലത് എന്നതാണ്. മാത്രമല്ല, പച്ചമുട്ട കഴിക്കുന്നത് സാൽമണെല്ല അണുബാധയ്ക്ക് കാരണമായേക്കാം. പുഴുങ്ങിയോ, ചിക്കിയോ, ഓംലെറ്റായോ മുട്ട കഴിക്കുന്നത് ആരോഗ്യപ്രദമാണ്. ആരോഗ്യസ്ഥിതി അനുസരിച്ച് ഒരു ദിവസം ഒന്നോ രണ്ടോ മുട്ട വരെ സുരക്ഷിതമായി കഴിക്കാവുന്നതാണ്.




