Crime

10 വർഷത്തിന് ശേഷം കാണാൻ സന്യാസിവേഷം ധരിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

സൗത്ത് ഡൽഹിയിലെ നെബ് സരായിയിൽ ബുധനാഴ്ച രാത്രി 50 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ഭർത്താവ് കൊലപ്പെടുത്തി. ഒരു സന്യാസിയുടെ വേഷത്തിലെത്തിയ പ്രതി, ചുറ്റികകൊണ്ട് തലക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ട കിരൺ ഝാ വീട്ടുജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഭർത്താവിൽ നിന്ന് മാറി മകനും മരുമകളും പേരക്കുട്ടിക്കുമൊപ്പം അവർ താമസിച്ചു വരികയായിരുന്നു. പ്രമോദ് ഝാ എന്ന പ്രതി (60) ബുധനാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ഭാര്യ കിരൺ ഝായെ ആക്രമിക്കുകയായിരുന്നു. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് പറയുന്നു.

പുലർച്ചെ നാല് മണിയോടെ രക്തത്തിൽ കുളിച്ച നിലയിൽ മരുമകളാണ് കിരണിനെ കണ്ടെത്തിയത്. ഏകദേശം ഒരു പതിറ്റാണ്ടായി പ്രതി ഭാര്യയിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്നെന്നും ഓഗസ്റ്റ് ഒന്നിന് ബിഹാറിലെ മുൻഗർ ജില്ലയിലെ തന്റെ ജന്മനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയെന്നും ഡിസിപി (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ ബിഹാറിലെ ദർഭംഗയിൽ ഒരു മൈക്രോഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്നതിനാൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, പ്രതിക്ക് വരുമാനമൊന്നുമില്ലായിരുന്നെന്നും തന്റെ പൂർവ്വിക സ്വത്ത് വിറ്റെന്നും കണ്ടെത്തി. ബിഹാറിലേക്ക് തിരികെ വന്ന് പണം സമ്പാദിക്കാൻ അയാൾ ഭാര്യയെ നിർബന്ധിച്ചിരുന്നു, എന്നാൽ അവർ അത് നിരസിക്കുകയായിരുന്നു.
.
പ്രതി അമ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതുകൊണ്ടാണ് അമ്മ അദ്ദേഹത്തെ ഉപേക്ഷിച്ച് ഡൽഹിയിൽ പുതിയൊരു ജീവിതം തുടങ്ങിയതെന്ന് കിരണിന്റെ മകൾ റോമ പറഞ്ഞു. ഏകദേശം രണ്ട് മാസം മുൻപ് ഒരു മരണാനന്തര ചടങ്ങിനായി കുടുംബം ബിഹാറിൽ പോയിരുന്നു. അന്ന് പ്രമോദ് അക്രമം ഉപേക്ഷിച്ചതായി പറഞ്ഞതായി റോമ പോലീസിനോട് പറഞ്ഞു.

വീണ്ടും ബിഹാറിലേക്ക് കൂടെ വരാൻ അമ്മ വിസമ്മതിച്ചതുകൊണ്ടാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രി അദ്ദേഹം അമ്മയെ കൊന്നത്.’ റോമ ആരോപിക്കുന്നു.

കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ഒരു ചുറ്റിക കിരണിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വീടിന് പുറത്തുള്ള ഡൽഹി ഗവൺമെൻ്റ് സിസിടിവി ദൃശ്യങ്ങളിൽ, പ്രമോദ് രാത്രി 12:50 ന് വസ്ത്രം മാറിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കാണിക്കുന്നുണ്ട്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് ഓഫീസർ പറഞ്ഞു.

പ്രതിയെ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും പോലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.