Travel

കര്‍ണാടകത്തിലെ കാര്‍വാര്‍ ബീച്ചും ഹൈദര്‍ ഘട്ട് ശ്രേണിയിലെ ഗുദ്ദാലി കൊടുമുടിയും

യാത്രപോകാന്‍ സുന്ദരവും, ശാന്തമായ ഒരു കടല്‍ത്തീരം തേടുകയാണോ? കര്‍ണാടകയിലെ കാര്‍വാര്‍ നോക്കിയാലോ? നല്ല കാലാവസ്ഥയും വിഭവസമൃദ്ധമായ പ്രാദേശിക ഭക്ഷണവും മനോഹരമായ ബീച്ചുകളും കൊണ്ട് മനോഹരമായ സ്ഥലമാണ് കാര്‍വാര്‍. കര്‍ണാടകത്തിലെ ‘കാശ്മീര്‍’ എന്ന് വിശേഷിപ്പിക്കുന്ന ഈ ടൂറിസം മേഖല സുവര്‍ണ്ണ ബീച്ചുകളാലും സുന്ദരമായ ക്ഷേത്രങ്ങളാലും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നിന്നുള്ള പ്രകൃതി പര്യവേഷണത്തിനും അനുയോജ്യമായ സ്ഥലമാണ്. 77 കിലോമീറ്റര്‍ അകലെ ഗോവയും സ്ഥിതി ചെയ്യുന്നു.

വേനലില്‍ കൊടും ചൂടും, മണ്‍സൂണില്‍ ചാറ്റല്‍ മഴയും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് നഗരം ചുറ്റപ്പെട്ടിരിക്കുന്നു. കാര്‍വാറിനെ ചുറ്റിപ്പറ്റി അനേകം ടൂറിസ്റ്റ് സ്പോട്ടുകളുണ്ട്. നഗരമധ്യത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ആമയുടെ ആകൃതിയിലുള്ള കുറുംഗഡ് ദ്വീപില്‍ ശാന്തമായ വെള്ളത്തിലൂടെ ബോട്ടിംഗ് നടത്താം. മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാം, നരസിംഹ ക്ഷേത്രവും വിസ്മയകാഴ്ചയാണ്.

കുമൂര്‍ഗഡ് ദ്വീപില്‍ മത്സ്യബന്ധനത്തിലും ഏര്‍പ്പെടാം. മറാത്ത ഭരണാധികാരികളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഒരു പഴയ കോട്ടയിലേക്കുള്ള ട്രെക്കിംഗിലും, കടലിന്റെ വിശാലമായ കാഴ്ചകള്‍ ആസ്വദിക്കാനാകും. കാര്‍വാറിലെ ദേവ്ബാഗ് ബീച്ചില്‍ നിന്ന് കടത്തുവള്ളത്തിലോ ബോട്ടിലോ ഒക്കെ കുറുംഗഡ് ദ്വീപിലെത്താം. ദേവ്ബാഗ് ബീച്ച് ജംഗിള്‍ ലോഡ്ജുകളും റിസോര്‍ട്ടുകളും ആണ് ഏറ്റവും അടുത്തുള്ള ഫെറി പോയിന്റ്. കാളി നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്തെ അടയാളപ്പെടുത്തുന്ന, പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളില്‍ ഒന്ന് കാര്‍വാര്‍ ബീച്ച് എന്നുകൂടി അറിയപ്പെടുന്ന രവീന്ദ്രനാഥ ടാഗോര്‍ ബീച്ച് ആണ്.

കടല്‍ത്തീരത്ത് ഒരു ഐഎന്‍എസ് യുദ്ധക്കപ്പല്‍ മ്യൂസിയം, ഒരു പ്ലാനറ്റോറിയം, ഒരു അക്വേറിയം, സന്ദര്‍ശകരെ സന്തോഷിപ്പിക്കാന്‍ ഒരു പാര്‍ക്ക് എന്നിവയുണ്ട്. നഗരമധ്യത്തില്‍ നിന്ന് ഏകദേശം 10.4 കിലോമീറ്റര്‍ അകലത്തില്‍ മജലി ബീച്ച് സ്ഥിതിചെയ്യുന്നു. കറുത്ത മണല്‍ കടല്‍ത്തീരമെന്ന നിലയില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രശസ്തമായ ടില്‍മതി ബീച്ച് മജലി ബീച്ചില്‍ നിന്നും 30 മിനിറ്റ് ട്രക്കിംഗിന് സാധ്യതയുള്ളതാണ്.

കര്‍ണാടക-ഗോവ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദേവ്ബാഗ് ബീച്ച് പശ്ചിമഘട്ടത്തിലെയും അറബിക്കടലിലെയും ഏറ്റവും മികച്ചതിനെ ഒരുമിപ്പിക്കുന്നതാണ്. ബനാന ബോട്ട് സവാരി, കയാക്കിംഗ്, ഡോള്‍ഫിന്‍ സ്പോട്ടിംഗ്, മത്സ്യബന്ധനം എന്നിവയൊക്കെ ആനന്ദം നല്‍കും.

തീരദേശം വിട്ട് മറ്റൊരു തെരഞ്ഞെടുപ്പ് നടത്താനാണെങ്കില്‍ സമുദ്രനിരപ്പില്‍ നിന്ന് 1,800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുദ്ദാലി കൊടുമുടി ഹൈദര്‍ ഘട്ട് ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലങ്ങളില്‍ ഒന്നാണ്. കാളി നദി, ബേലേകേരി നദി, അറബിക്കടല്‍ എന്നിവയുടെ മനോഹരമായ കാഴ്ചകളാണ് ഗുദ്ദാലി കൊടുമുടിയുടെ വാഗ്ദാനം. പച്ചപ്പും മലനിരയും മരങ്ങളും നീരുറവകള്‍ക്കൊമൊക്കെ ഇടയിലൂടെ 5 കിലോമീറ്റര്‍ കാല്‍നടയാത്ര നടത്താം. 300 വര്‍ഷം പഴക്കമുള്ള വെങ്കിട്ടരമണ ക്ഷേത്രമാണ് ഇവിടുത്തെ കാഴ്ച. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ മനോഹരമായ ഗോപുരവും ശ്രീകോവിലില്‍ വെങ്കട്ടരമണന്റെ കറുത്ത കല്ലില്‍ നിര്‍മ്മിച്ച വിഗ്രഹവും ഉണ്ട്.

കാര്‍വാറിലെ സദാശിവഗഡ് കുന്നിന്‍ കോട്ടയുടെ മുകളിലുള്ള ദുര്‍ഗാ ഭവാനി ക്ഷേത്രം കാര്‍വാര്‍ നഗരത്തിന്റെയും അറബിക്കടലിന്റെയും കാളി നദിയുടെയും കാഴ്ചകള്‍ നല്‍കും. ഉത്തരേന്ത്യയിലെ നാഗര വാസ്തുവിദ്യാ ശൈലിയില്‍ പൂര്‍ണ്ണമായും വെളുത്ത മാര്‍ബിളില്‍ തീര്‍ത്തിട്ടുള്ള മാരുതി ക്ഷേത്രവും മനോഹര കാഴ്ചയാണ്. കാളി നദിയുടെ തീരത്തുള്ള കാര്‍വാറിലെ നാഗനാഥ് ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഒരു സംരക്ഷിത സ്മാരകമാണ്. മഹാശിവരാത്രിയും കാര്‍ത്തിക പൂര്‍ണിമയും ഇവിടെ ആഘോഷിക്കുന്നു.

അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഗോവയും ഗോകര്‍ണ്ണവും. രണ്ടും 100 കിലോമീറ്ററിനുളളിലാണ്. വൃത്തിയും മനോഹരവുമായ യാന ഗ്രാമം 82.6 കി.മീ അകലെയാണ്. കര്‍ണാടകയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം, ഇന്ത്യയിലെ രണ്ടാമത്തെ വൃത്തിയുള്ള ഗ്രാമം എന്ന ഖ്യാതി യാനയ്ക്കുണ്ട്. ഭൈരവേശ്വര ശിഖര, മോഹിനി ശിഖര എന്നീ രണ്ട് കൂറ്റന്‍ പാറ ഗുഹകള്‍ ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.