Movie News

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോളിവുഡില്‍ ഒരു സിനിമ ചെയ്യും; തന്റെ സിനിമകളെക്കുറിച്ച് സംവിധായകന്‍ ആറ്റ്‌ലീ

തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്തിയിട്ടും സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന കാര്യത്തില്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലീയ്ക്ക് പിഴച്ചില്ല. ഷാരൂഖിനെ നായകനാക്കി ആറ്റ്‌ലീ ചെയ്ത ജവാന്‍ നേടിയത് വന്‍ വിജയമാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് വന്ന ആറ്റ്‌ലീ കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് കടക്കുകയാണ്.

തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്താന്‍ എട്ടുവര്‍ഷം എടുത്ത ആറ്റ്‌ലീ പറയുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ താന്‍ ഹോളിവുഡില്‍ നിന്നും പുതിയ പ്രൊജക്ട്് ചെയ്യുമെന്നാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആറ്റ്‌ലീ ഇക്കാര്യം പറഞ്ഞത്. 2023 ലെ തന്റെ വമ്പന്‍ഹിറ്റായ ജവാനെക്കുറിച്ചും താരം സംസാരിച്ചു. തന്റെ സിനിമയില്‍ വയലന്‍സ് കൂടുതലാണെന്നതിന്റെ മറുപടിയും യുവ സംവിധായകന്‍ നല്‍കി. തന്റെ സിനിമയില്‍ സത്യസന്ധമായി കാര്യങ്ങള്‍ ചിത്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.

സ്വന്തമായി തന്നെ ഒരു മാധ്യമപ്രവര്‍ത്തകനായിട്ടാണ് ആറ്റ്‌ലി വിലയിരുത്തുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ എപ്പോഴൊക്കെ അക്രമ ദൃശ്യങ്ങള്‍ പുറത്തുവിടുന്നുവോ അതെല്ലാം ലോകത്തിന്റെ യഥാര്‍ത്ഥ ചിത്രം തന്നെയാണെന്ന് താരം പറയുന്നു. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യ ജവാനില്‍ ചിത്രീകരിച്ചതെന്ന് ആറ്റ്‌ലീ പറയുന്നു. അതു കുറയ്ക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും ഒരു വായനക്കാരന് പത്രത്തിലെ അക്രമരംഗം സ്‌കിപ്പ് ചെയ്യാനാകുമോയെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ സമൂഹത്ത് നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ശബ്ദമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

തന്റെ സിനിമയില്‍ വയലന്‍സ് ആരെയെങ്കിലും പ്രകോപിപ്പിക്കാന്‍ അല്ലെന്നും അത് കാണുന്ന പ്രേക്ഷകര്‍ തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് വിചിന്തനം ചെയ്യുകയാണ് വേണ്ടത്. മനുഷികമോ മൃഗീയമോ ആയ തങ്ങളുടെ പ്രവര്‍ത്തികളെ വേര്‍തിരിച്ചു കാണാന്‍ അത് അവരെ അനുവദിക്കും. ഒരു സിനിമയില്‍ ഒരു നായയെ ചിത്രീകരിച്ചാല്‍ പോലും അത് മൃഗങ്ങളെ ഏതെങ്കിലും രീതിയില്‍ അക്രമിക്കുന്നുണ്ടോ എന്ന ചിന്ത ആള്‍ക്കാരില്‍ ഉണര്‍ത്തുമെന്നും സംവിധായകന്‍ പറയുന്നു.