ചെറിയ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം തിയേറ്ററിൽ എത്തുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ഈ മാസം റിലീസ് ചെയ്യും. വലിയ ആവേശത്തോടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയുമടക്കമുള്ള താരങ്ങള്‍. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ബാന്ദ്ര പ്രേക്ഷകരിലേക്ക് എത്തുന്നത്.
തമന്നയെ നായികയാക്കിയാലോ എന്ന ചിന്ത വരുന്നത് തനിക്കാണെന്നാണ് ദിലീപ് പറയുന്നത്. “അരുണും ഉദയകൃഷ്ണയും കഥ പറയുന്ന സമയത്ത് എന്റെ മനസിലൂടെ ആ കഥാപാത്രത്തിന്റേതിന് സമാനമായി തോന്നിയ മുഖം തമന്നയുടേതാണ്. എന്റെ കൂടെ മുന്‍പ് വര്‍ക്ക് ചെയ്തിട്ടില്ല, ആളുകള്‍ക്ക് എന്റെ കൂടെ ആദ്യമായി കാണുന്നതിന്റെ ഒരു പുതുമ തോന്നുന്നതായിരിക്കണം, അത് കറക്ടാണെന്ന് അരുണും സമ്മതിച്ചു. പക്ഷേ തമന്ന അതിന് തയ്യാറാവുമോ എന്ന സംശയമായിരുന്നു. ഒടുവില്‍ അരുണ്‍ പോയി കണ്ട് തമന്ന സമ്മതിച്ചെന്ന് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. പിന്നെ തമന്നയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ ഇട്ട് കഴിഞ്ഞപ്പോഴാണ് വിശ്വസമായത്. ഇന്ത്യയിലെ തന്നെ വലിയൊരു നടിയാണ് തമന്ന. അങ്ങനൊരാള്‍ നമ്മുടെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്യാന്‍ വരുമ്പോൾ എത്രയോ കാലമായി പരിചയമുള്ള പോലെയാണ് പെരുമാറിയത്. ആ കെമിസ്ട്രി സിനിമയിലും വര്‍ക്കായി…” ദിലീപ് പറയുന്നു.
ഡാൻസ് അറിയില്ലെന്ന് കാര്യം തമന്നയോട് സംസാരിച്ചിരുന്നെന്നും നടൻ പറയുന്നു. എന്നാല്‍ , ‘ഏയ് എനിക്ക് ഡാൻസ് തെരിയാത്’ എന്നായിരുന്നു തമന്നയുടെ പ്രതികരണം. അതു കേട്ടപ്പോള്‍ ആദ്യം സമാധാനം തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഡാൻസ് പഠിക്കാത്ത ആള്‍ ഇത്രയും കളിക്കുമെങ്കില്‍, ഡാൻസ് പഠിച്ചെങ്കില്‍ എന്താകും എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ഏഴു വര്‍ഷത്തിന് ശേഷമാണ് ഞാൻ ഒരു നടിക്കൊപ്പം ഡാൻസ് ചെയ്യുന്നത്. എന്നിരുന്നാലും വളരെ നല്ല കെമിസ്ട്രിയാണ് തമന്നയുമായി ഉണ്ടായിരുന്നത്” ദിലീപ് പറയുന്നു.
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാസ് കോംബോ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രതീക്ഷയും. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണി നിരന്നിരിക്കുന്നത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും സിനിമയിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആക്ഷന് വലിയ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഡോണ്‍ കഥാപാത്രമായാണ് ദിലീപ് എത്തുക. സിനിമയുടെ മാസ് ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് അൻപറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്.