തൊണ്ണൂറുകളുടെ തുടക്കത്തിൽ മിമിക്രി വേദികളില്‍ നിന്ന് തുടങ്ങി, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന ഗോപാലകൃഷ്ണന്‍ എന്ന താരം. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. നടനാവുക എന്ന സ്വപ്‌നവും ഉള്ളില്‍ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ താരത്തെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു. പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകനാകാൻ ഒരുപാട് വെല്ലുവികളും കഷ്ടപ്പാടുകളും ഗോപാലകൃഷ്ണൻ എന്ന ദിലീപിന് നേരിടേണ്ടി വന്നു. ഇന്ന് പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന താരമാണ് ദിലീപ്.
മിമിക്രി വേദികളിൽ നിന്ന് ദിലീപിന് കിട്ടിയ സൗഹൃദമാണ് നാദിർഷായുടേത്. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും അന്ന് തൊട്ട് ഇന്നോളം ആ സൗഹൃദത്തിന് മങ്ങലേറ്റിട്ടില്ല. മലയാളിപ്രേക്ഷകർക്ക് ഏറെ പരിചിതമാണ് ഈ സൗഹൃദം. നാദിർഷ സംവിധായക കുപ്പായമണിഞ്ഞപ്പോൾ ദിലീപ് നായക വേഷത്തിൽ എത്തിയ സിനിമ ആ സൗഹൃദത്തിനു മറ്റൊരു മുഖവും നൽകി. ഇപ്പോഴിതാ ദിലീപ് നാദിർഷായെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ആദ്യമായി തന്നെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ സംവിധാനം പഠിച്ച് വരൂ എന്ന് പറഞ്ഞ് പറഞ്ഞയച്ചതാണെന്നും ശേഷം കഴിവ് കണ്ട് താൻ അങ്ങോട്ട് ചെല്ലുകയായിരുന്നെന്നും ദിലീപ് പറയുന്നു.
”ഒരുപാട് കാലത്തെ സൗഹൃദമുണ്ട് ഞാനും നാദിർഷയും തമ്മിൽ. കേശു ഈ വീടിന്റെ നാഥൻ എന്ന നാദിർഷയുടെ സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു.സംവിധായകൻ ആകണമെന്ന ആഗ്രഹത്തോടുകൂടി നടന്നിരുന്ന ഒരാളാണ് നാദിർഷ. ആദ്യമായി എന്നെവെച്ച് സിനിമ പ്ലാൻ ചെയ്തയാളാണ് ഇത്. അപ്പൊ ഞാൻ സംവിധാനം പഠിച്ചിട്ട് വരാൻ പറഞ്ഞു. ശേഷം പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ,ആസിഫ് അലി എല്ലാവരെയും വെച്ച് സിനിമകൾ ചെയ്തു. അപ്പോൾ എനിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി.ഇവൻ രണ്ടും കല്പിച്ചിട്ടുള്ള വരവാണ്. ജയിച്ചേ അടങ്ങുള്ളൂ എന്ന രീതി ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞു ആ സിനിമ നിർമ്മിച്ചോട്ടെയെന്ന് . കാരണം എന്തായാലും ആ സിനിമ ഇവൻ വിജയിപ്പിക്കുമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. പക്ഷെ നിർമ്മാണം വേറെ ഒരാൾ, ആൽവിൻ ആന്റണി കൊണ്ടുപോയി. അത് ഞങ്ങളുടെ സുഹൃത്തുക്കൾ തന്നെയായത് കൊണ്ട് ക്ഷമിച്ചു. അതിന് ശേഷം ഞങ്ങൾ കട്ടപ്പനയിലെ ഋത്വിക് റോഷനിൽ വീണ്ടും ഒന്നിച്ചു. അതിൽ വിഷ്ണു വന്നു. ഇന്ന് ഈ സിനിമയിൽ നിർമ്മാതാവായി അവനു കിട്ടിയത് മലയാള സിനിമയിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ്. ദേ നിക്കറൊക്കെ ഇട്ടു വന്നേക്കുന്നു… ” ദിലീപ് പറഞ്ഞത് കേട്ട് കാണികൾ പൊട്ടിച്ചിരിച്ചു.
അതിനു തഗ്ഗ് മറുപടിയും നാദിർഷാ നൽകുന്നുണ്ട്. “സാധാരണ ഒരു സിനിമ നിർമിച്ചു കഴിഞ്ഞ് സംവിധായകൻ കാരണം കളസം കീറി എന്ന് പറയാറുണ്ട്. ഇപ്പോഴിതാ കളസം കീറിയില്ലെന്നു തെളിവാണ്…” എന്നാണ് നാദിർഷ പറഞ്ഞത്. നാദിർഷായുടെ പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് തങ്കമണി.1980 കളിൽ കേരളത്തെ പിടിച്ചു കുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ഇടുക്കിയിലെ തങ്കമണി – കട്ടപ്പന റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രൈവറ്റ് ബസ്സിൽ ഉണ്ടാകുന്ന ചെറിയൊരു പ്രശ്നം പിന്നീട് വലിയ രൂപത്തിലേക്ക് വളരുകയും ഒടുവിൽ പോലീസ് വെടിവെപ്പിലേക്കും അതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജിയിലേക്കും വരെ നയിച്ച യഥാർത്ഥ സംഭവമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ നിർമ്മാണം സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മാതിര എന്നിവരാണ്. ചിത്രത്തിന്റെ കഥയും സംവിധാനവും രഘു നന്ദനാണ്. ചിത്രത്തിൽ നിത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.