നടിയെ ആക്രമിച്ച കേസില്‍ വെറുതെവിട്ടതോടെ പ്രതികരണവുമായി എട്ടാം പ്രതിയായ നടന്‍ ദിലീപ്. തന്റെ കരിയര്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് ദിലീപ് പ്രതികരിച്ചത്.
‘‘ഗൂഢാലോചനയെന്ന്മഞ്ജു പറഞ്ഞിടത്ത് നിന്നുമാണ് തനിക്കെതിരേ ഇത് തുടങ്ങിയത്. മഞ്ജു പറഞ്ഞത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയും ചില ക്രിമിനല്‍ പോലീസുകാരും ചേര്‍ന്ന് മെനഞ്ഞെടുത്ത കള്ളക്കഥയായിരുന്നു ഇതെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരേയുള്ള ഗൂഢാലോചനയാണ് ഇതെന്നും തന്റെ കരിയറും വ്യക്തിത്വവും കുടുംബവും തകര്‍ക്കാനുള്ള ശ്രമമെന്നും പറഞ്ഞു.
ജയിലിലെ ഗുണ്ടകളെ കൂട്ടുപിടിച്ച് പൊലീസ് സംഘം തനിക്കെതിരെ കള്ളക്കഥ മെനഞ്ഞെടുക്കുകയായിരുന്നു, ഇന്ന് കോടതിയില്‍ ആ കള്ളക്കഥ തകര്‍ന്നു. സമൂഹത്തില്‍ എന്റെ കരിയര്‍, ജീവിതം, നശിപ്പിക്കുകയായിരുന്നു. എനിക്കുവേണ്ടി നിന്നവരോടും പ്രാര്‍ഥിച്ചവരോടുമെല്ലാം നന്ദി പറയുകയാണ്. ഒന്‍പതുവര്‍ഷം എനിക്കുവേണ്ടി വാദിച്ച അഭിഭാഷകരോടെല്ലാം നന്ദിയും കടപ്പാടും അറിയിക്കുന്നു. ’’ ദിലീപ് പറഞ്ഞു. തന്നെ പിന്തുണച്ച ഒരുപാട് ആളുകളുണ്ട്. അവര്‍ വിവിധ മേഖലയില്‍ ഉള്ളവരാണ്. അവര്‍ക്കെല്ലാം നന്ദി പറയുന്നതായും ദിലീപ് വ്യക്തമാക്കി.
പൊലീസിനൊപ്പം ചില മാധ്യമങ്ങളേയും ചില മാധ്യമപ്രവര്‍ത്തകരേയും കൂട്ടുപിടിച്ചായിരുന്നു തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും ദിലീപ് പ്രതികരിച്ചു. ആരാണ് ഗൂഢാലോചന നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു, നിങ്ങള്‍ ഒന്‍പത് വര്‍ഷം പറഞ്ഞില്ലേ? ഇനി ഞാനൊന്ന് പറയട്ടേയെന്നായിരുന്നു ദിലീപിന്റെ മറുപടി.
ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ദിലീപിനു ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
കേസില്‍ സംസ്ഥാനസര്‍ക്കാര്‍ മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ക്വട്ടേഷന്‍ നല്‍കി ബലാത്സംഗം നടത്തിയ കേസ് കൂട്ടബലാത്സംഗമായി മാറി . കോടതിക്കു പുറത്ത് മാത്രമല്ല ആലുവയിലെ വീടിനടുത്തും ആരാധകര്‍ ആഘോഷം നടത്തുകയാണ്.




