നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് ദിലീപിന്റെ ആദ്യ ഭാര്യ നടി മഞ്ജു വാരിയരുടെ മൊഴി . വിവാഹമോചനത്തിന്റെ കാരണം ദിലീപ്–കാവ്യ ബന്ധമാണെന്നായിരുന്നു മഞ്ജുവിന്റെ മൊഴി . ഇതിന്റെ പേരില്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചുവെന്നും മഞ്ജു മൊഴി നല്‍കി.
നാല് വര്‍ഷം നീണ്ട ഗൂഡാലോചന
നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് ഏഴിടങ്ങളിലായി നടത്തിയത് നാല് വര്‍ഷം നീണ്ട ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഗൂഡാലോചനയില്‍ മാഡത്തിനും പങ്കെന്ന വിവരത്തില്‍ അന്വേഷണം കാവ്യാ മാധവനിലേക്കും നീണ്ടു. കുടുംബബന്ധം തകര്‍ത്തതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരണയെന്നാണ് കുറ്റപത്രം.
ദിലീപും പൾസർ സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയത് ഏഴ് സ്ഥലങ്ങളിൽ എന്ന് അന്വേഷണസംഘം കണ്ടെത്തി. അബാദ് പ്ലാസയിൽ അമ്മ ഷോ റിഹേഴ്സലിന് ഇടയിലും തൃശൂര്‍ ജോയ്സ് പാലസ് ഹോട്ടലിലും തൃശൂര്‍ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബിലും സൗണ്ട് തോമ, കട്ടപ്പനയിലെ ഋതിക് റോഷൻ, ജോർജ് ഏട്ടൻസ് പൂരം എന്നീ സിനിമ സെറ്റുകളിലും കൂടിക്കാഴ്ച നടന്നു. ദിലീപിൻ്റെ കാരവാനിൽ ആയിരുന്നു പ്രധാന ഗൂഢാലോചന നടന്നതെന്ന് അന്വേഷണം സംഘം കണ്ടെത്തി.
അമ്മ ഷോ റിഹേഴ്സലിനിടെ കുടുംബബന്ധം തകര്‍ത്തത് സംബന്ധിച്ച് നടിയും ദിലീപും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിന് ശേഷമായിരുന്നു ദിലീപ് പള്‍സര്‍ സുനി കൂടിക്കാഴ്ചയെന്ന് കുറ്റപത്രം. ക്വട്ടേഷന് ജോയ്സ് പാലസ് ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ വെച്ച് ദിലീപ് പള്‍സര്‍ സുനിക്ക് പതിനായിരം രൂപ നല്‍കുന്നു. തൊട്ടടുത്ത ദിവസവും പതിനായിരം രൂപ കൈമാറി. ഇത് ക്വട്ടേഷന്‍റെ അഡ്വാന്‍സ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ ക്വട്ടേഷന്‍ നീണ്ട് പോയത് ജ്വല്ലറി ഉടമയെ ആക്രമിച്ച് പണംതട്ടിയ കേസില്‍ പള്‍സര്‍ സുനി ജയിലിലായതോടെയാണ്.
പൾസർ സുനി നടിയെ ആക്രമിക്കാൻ മുൻപും ശ്രമം നടത്തിയിരുന്നു. ഗോവയിൽ വച്ച് ആക്രമിക്കാൻ ആയിരുന്നു പദ്ധതിയിട്ടത്. നടി അഭിനിയിക്കുന്ന സിനിമയിൽ ഡ്രൈവറായി പൾസർ സുനി എത്തി. നടിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാൻ പദ്ധതി ഇട്ടത്. എന്നാൽ മേക്കപ്പ് മാൻ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം ഉപേക്ഷിച്ചു എന്ന് അന്വേഷണം സംഘം കണ്ടെത്തി.
ഈ നീക്കം പരാജയപ്പെട്ടതോടെ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി വിപുലമായ പദ്ധതി തയാറാക്കി. കേസിലെ നൂറാം സാക്ഷി നെല്‍സന്‍റെ തമ്മനത്തെ വാടക വീട്ടില്‍ സുഹൃത്തുക്കളുമായി ഇതിന്‍റെ ഗൂഡാലോചന. പള്‍സര്‍ സുനി, വി.പി. വിജീഷ്, വടിവാള്‍ സലിം, ചാത്തങ്കരി പ്രദീപ് എന്നിവര്‍ പങ്കെടുത്തു. സിനിമ പ്രൊമോഷനായി നടി പതിനേഴിന് കൊച്ചിയിലെത്തുമെന്ന് പള്‍സര്‍ സുനിക്ക് വിവരം ലഭിച്ചിരുന്നു. കുറ്റകൃത്യത്തിന്‍റെ മാസ്റ്റര്‍പ്ലാന്‍ തയാറായത് ഇവിടെ.
തൃശൂർ ടെന്നീസ് ക്ലബിൽ പൾസർ സുനിക്ക് ഒപ്പമുള്ള ഫോട്ടോ, അമ്മ പരിപാടിയിലെ ഗൂഢാലോചനയുടെ സാക്ഷി മൊഴികൾ, തൊടുപുഴയിലെ സിനിമ സെറ്റിൽ വച്ച് പൾസർ സുനിയും ദിലീപും, തൃശൂരിലെ ഹോട്ടലിൽ സുനിയും ദിലീപും എത്തിയത്, എറണാകുളത്തെ ഫ്ലാറ്റിൽ ദിലീപിൻ്റെ ഗൂഢാലോചന, പൊലീസിന് നേരെ വധ ഗൂഢാലോചന-ബാലചന്ദ്രൻ്റെ ദൃക്‌സാക്ഷി മൊഴി, ടവർ ലൊക്കേഷൻ അടക്കം ഡിജിറ്റൽ തെളിവുകൾ എന്നിവയാണ് ദിലീപിനെതിരെ കണ്ടെത്തിയ നിർണായകമായ ഏഴ് നിർണായക തെളിവുകൾ.
ദിലീപിനൊപ്പം തന്നെ ഗൂഡാലോചനയില്‍ മാഡത്തിന്‍റെ പങ്കും സംശയിക്കപ്പെട്ടു. ആരാണ് മാഡമെന്നത് ഇപ്പോളും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.




