കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും ഒന്നാംപ്രതി പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ ഒരു കഷണം കടലാസ് പോലും അന്വേഷണസംഘം ഹാജരാക്കിയില്ലെന്നു വിചാരണക്കോടതി. ദിലീപിനു നടിയോട് വിരോധമുണ്ടെന്നു തെളിയിക്കാനും പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.
കാറില്‍ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍, അത് സാധൂകരിക്കാന്‍ പാര്‍ക്കിങ് രജിസ്‌റ്ററോ സി.സി. ടിവി ദൃശ്യങ്ങളോ മൊഴികളോ ഒന്നുമില്ലെന്നു വിധിന്യായത്തില്‍ വ്യക്‌തമാക്കുന്നു. ദിലീപും സുനിയുമായുള്ള ബന്ധം, സുനിക്കു ദിലീപ് മൂന്നുതവണ പണം നല്‍കിയെന്ന വാദം, സുനിയുടെ അമ്മയുടെ അക്കൗണ്ടിലെത്തിയ പണം ദിലീപ് നല്‍കിയതാണെന്ന വാദം, ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ സുനിക്കു പണം നല്‍കിയെന്ന വാദം എന്നിവയൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന് കോടതിവിധിയില്‍ പറയുന്നു. 2015 നവംബര്‍ ഒന്നിന് തൃശൂരിലെ ഒരു ഹോട്ടലിനു മുന്നില്‍ ദിലീപ് പള്‍സര്‍ സുനിയെ കണ്ടിരുന്നെന്നും അപ്പോള്‍ 10,000 രൂപ നല്‍കിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. തൊട്ടടുത്ത ദിവസം ഒരുലക്ഷം രൂപ നല്‍കി. അത് സുനി അമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. 2016 സെപ്‌റ്റംബര്‍ 26-ന് നാദിര്‍ഷ തൊടുപുഴയില്‍വച്ച് 30,000 രൂപ സുനിക്കു നല്‍കിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെങ്കിലും അത് ദിലീപ് നല്‍കിയതാണെന്നു തെളിയിക്കാന്‍ സാധിച്ചില്ല. ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കോടതി വ്യക്‌തമാക്കി. ദിലീപ് സുനിയെ കണ്ടെന്നു തെളിയിക്കാന്‍ നടന്‍ മുകേഷ് ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. സിനിമാ സെറ്റില്‍ സുനി ദിവസവും വന്നുപോകുകയായിരുന്നെന്നും മറ്റ് കാര്യങ്ങള്‍ ഓര്‍മയില്ലെന്നും മുകേഷ് മൊഴി നല്‍കി. ഈ അവ്യക്‌തത പ്രോസിക്യൂഷനു തിരിച്ചടിയായി. നടിയെ ആക്രമിക്കുമ്പോള്‍ സുനി പറഞ്ഞ സ്‌ത്രീയെക്കുറിച്ച് (മാഡം) വിശദമായ അന്വേഷണം നടന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.




