Celebrity

ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും; അതു നിങ്ങളെ കൂടുതല്‍ കരുത്തരാക്കും; കൗമാരക്കാര്‍ക്ക് സാമന്തയുടെ ഉപദേശം

നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തതിന്റെ ദു:ഖം താരത്തിന്റെ കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാവേദിയെ ഒന്നടങ്കമാണ് കരയിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഇവര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൗമാരക്കാരുടെ മാനസികാവസ്ഥയെ കുറിച്ചും അവര്‍ക്കുള്ള ഉപദേശങ്ങളെക്കുറിച്ചും നടി സാമന്ത നടത്തിയ സോഷ്യല്‍ മീഡിയ ചാറ്റ് വൈറലാവുകയാണ്.

ഈ ചാറ്റിനിടെ ഒരു ആരാധകന്‍ ചോദിച്ചു, കൗമാരക്കാര്‍ ജീവിതം മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ അവരോട് എന്താണ് പറയുക. സാമന്ത മറുപടി പറഞ്ഞു, ”ഇപ്പോള്‍ മിക്ക യുവാക്കളും തങ്ങളുടെ ജീവിതം അവസാനിച്ചുവെന്ന് വിലപിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇത് അവരുടെ ഇടയിലെ ഏറ്റവും മോശമായ ചിന്തയാണ്. എന്നാല്‍ ഇവിടെയാണ് ജീവിതം തുടങ്ങുന്നത്. ഈ യാത്രയില്‍ നിങ്ങള്‍ക്ക് എല്ലാത്തരം ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. ചിലപ്പോള്‍ ഈ യാത്രയില്‍ നിങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തനാകും. 25 വയസ്സിന് മുമ്പ് എനിക്കും ഇത് സംഭവിച്ചു. എന്നാല്‍ ഞാന്‍ വ്യത്യസ്തനായിരുന്നു. സമാനമായ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതിനാല്‍, എന്റെ ജീവിതത്തില്‍ ഞാന്‍ മുമ്പത്തേക്കാള്‍ സന്തോഷവാനും ശക്തനും പോസിറ്റീവുമായ വ്യക്തിയായി മാറി.” താരം പറഞ്ഞു.

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണെങ്കിലും ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികളില്‍ കൂടി കടന്നുപോയയാളാണ് നടി സാമന്ത. യുവനടന്‍ നാഗചൈതന്യയുമായുള്ള വിവാഹവും വേര്‍പിരിയലും അതിന് ശേഷം താരത്തെ ബാധിച്ച പലതരം മാനസീക പ്രശ്‌നങ്ങള്‍ക്കും രോഗങ്ങള്‍ക്കും ചികിത്സകള്‍ക്കുമെല്ലാം ശേഷം നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.