Travel

വർഷത്തിൽ ഒരാഴ്ച മാത്രം ഭക്തർക്കായി തുറക്കുന്ന ആ ഇന്ത്യൻ ക്ഷേത്രം ഇതാണ്

ക്ഷേത്രങ്ങൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. ഇവയിൽ ഓരോ, ക്ഷേത്രത്തിനും അതിന്റേതായ ചരിത്രവും പ്രാധാന്യവുമുണ്ട്. ഇത്തരത്തിൽ തനതായ പാരമ്പര്യം കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു പുണ്യസ്ഥലമാണ് കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹസനാംബ ക്ഷേത്രം.

വർഷം മുഴുവനും തുറന്നിരിക്കുന്ന മിക്ക ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ ക്ഷേത്രം വർഷത്തിലൊരിക്കൽ മാത്രമേ ഭക്തർക്ക് വാതിൽ തുറന്ന് നൽകാറുള്ളു, അതും ദീപാവലി സമയത്ത് ഒരാഴ്ചത്തേക്ക് മാത്രം.

12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഹാസനാംബ ക്ഷേത്രം, ആരാണ് നിർമ്മിച്ചതെന്ന് ചരിത്രരേഖകളിൽ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും ഹസനാംബ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനു പ്രദേശവാസികൾ മതപരമായി വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ക്ഷേത്രം തുറന്നിരിക്കുന്ന ഈ കുറഞ്ഞ സമയങ്ങളിൽ ദർശനത്തിന് അവസരം ലഭിച്ചാൽ തങ്ങളെ ഭാഗ്യവാന്മാരായി കരുതുന്നവരാണ് പല ഭക്തരും.

എല്ലാ വർഷവും, ഒക്ടോബറിൽ ക്ഷേത്രം തുറക്കുമ്പോൾ, ഹാസനാംബ ദേവിയോട് അനുഗ്രഹം തേടാൻ ഭക്തർ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്. തുടർന്ന് ക്ഷേത്രം അടച്ചുപൂട്ടും. ക്ഷേത്ര വാതിലുകൾ അടയ്ക്കുമ്പോൾ, ദൈവിക സാന്നിധ്യം തടസ്സപ്പെടാതെ നിലനിൽക്കാന്‍ ചില ആചാരങ്ങളും ഉറപ്പാക്കുന്നു.

ദേവന്മാർക്ക് രണ്ട് ചാക്ക് അരി, പുത്തൻ പൂക്കൾ, വെള്ളം, തുടർച്ചയായി കത്തുന്ന നെയ്യ് വിളക്ക് എന്നിവയാണ് സമർപ്പിക്കുന്നത്. ഒരു വർഷത്തിനുശേഷം ക്ഷേത്രം തുറക്കുന്നതുവരെ മുഴുവൻ സമയത്തും വിളക്ക് കത്തിക്കൊണ്ടിരിക്കുമെന്ന് വിശ്വസിക്കിപ്പെടുന്നു.

ഐതിഹ്യമനുസരിച്ച്, ജഗദീശ്വരിയും പ്രപഞ്ച നാഥയുമായ ആദിപരാശക്തിയുടെ ഏഴു വിഭിന്ന രൂപങ്ങളായ സപ്തമാതാക്കൾ എന്നറിയപ്പെടുന്ന ഏഴ് ദിവ്യ ഭഗവതിമാർ ഒരിക്കൽ ഭൂമിയിലേക്ക് യാത്ര ചെയ്യുകയും ഹാസന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുകയും ചെയ്തു. തുടർന്ന് നഗരത്തിലും പരിസരത്തുമായി വിവിധ സ്ഥലങ്ങളിൽ താമസിക്കാൻ അവർ തീരുമാനിച്ചു. ദേവിഗെരെ ഹോണ്ടയിലെ മൂന്ന് കിണറുകൾക്ക് സമീപം വരാഹി ദേവിയും ചാമുണ്ഡിയും വസിച്ചപ്പോൾ, വൈഷ്ണവി, കൗമാരി, മഹേശ്വരി എന്നീ ദേവതകൾ ക്ഷേത്രത്തിനുള്ളിലെ മൂന്ന് ഉറുമ്പുകൾക്കുള്ളിലാണ് കുടികൊള്ളുന്നത്. മറ്റൊരു ദേവതയായ ബ്രഹ്മി കെഞ്ചമ്മയുടെ ഹോസ്കോട്ടിൽ അഭയം കണ്ടെത്തിയതായും വിശ്വസിക്കപ്പെടുന്നു.

കാലക്രമേണ, ഈ പ്രദേശത്തിന്റെ ആത്മീയ സാംസ്കാരിക ചരിത്രത്തിൽ ക്ഷേത്രത്തിന്റെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് ഹാസനാംബ ദേവിയുടെ പേരിലാണ് ഹാസൻ നഗരം ഇന്ന് അറിയപ്പെടുന്നത്.

എല്ലാ വർഷവും ഒരാഴ്ചയോളം ക്ഷേത്രം രാവിലെ 7 മുതൽ രാത്രി 10 വരെയും വീണ്ടും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും തുറന്നിരിക്കും. ഇത് ഭക്തർക്ക് ദേവിയുടെ അനുഗ്രഹം നേടാനുള്ള അപൂർവ അവസരം നൽകുന്നു. ഈ സമയത്ത് ആയിരക്കണക്കിന് തീർഥാടകർ ഇവിടം സന്ദർശിക്കുകയും, മഹത്തായ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു.

ഹാസനാംബ ക്ഷേത്രത്തിന്റെ അപൂർവ തുറക്കലും, സമ്പന്നമായ ചരിത്രവും, കൗതുകമുണർത്തുന്ന ഐതിഹ്യങ്ങളും ഇതിനെ ഇന്ത്യയിലെ ഏറ്റവും സവിശേഷവും ആത്മീയവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ദീപാവലി സമയത്ത് നിങ്ങൾക്ക് എപ്പോഴെങ്കിലും സന്ദർശിക്കാൻ അവസരം ലഭിച്ചാൽ, നിങ്ങൾ ശരിക്കും ഭാഗ്യവാനാണെന്ന് കരുതുക.

Leave a Reply

Your email address will not be published. Required fields are marked *