ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ പരിമിതമായ തോതില്‍ ഉപ്പ് ആവശ്യമാണ്. എന്നാല്‍ ഇത് പരിധി വിട്ടുയരുന്നത് രക്തസമ്മര്‍ദ്ദവും നീര്‍ക്കെട്ടും വര്‍ധിപ്പിച്ച് പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തും. ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഉപ്പ് കുറഞ്ഞു പോയാല്‍ ഉപ്പ് ഇട്ട് ആ കുറവ് നികത്താന്‍ സാധിയ്ക്കും. എന്നാല്‍ ഉപ്പ് കൂടിപ്പോയാല്‍ കുറച്ച് പ്രശ്നമാണ് താനും. ഇത് എങ്ങനെ കുറയ്ക്കാന്‍ പറ്റും. ഉണ്ടാക്കിയ ഭക്ഷണം കളയാനും പറ്റാത്ത അവസ്ഥ. അങ്ങനെ ഉള്ളപ്പോള്‍ ചില നുറുങ്ങു വിദ്യകളിലൂടെ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഇത് കറികളില്‍ മാത്രമേ സാധിയ്ക്കുവെന്ന് എടുത്തു പറയാം. അത് എങ്ങനെയെന്ന് നോക്കാം….
- വിനാഗിരിയും പഞ്ചസാരയും – വിനാഗിരിയും പഞ്ചസാരയും ഒരോ ടേബിള്‍ സ്പൂണ്‍ വീതം ചേര്‍ത്തിളക്കിയേക്കണം. വിനാഗിരിയുടെ ചവര്‍പ്പും പഞ്ചസാരയുടെ മധുരവും ചേര്‍ന്നുള്ള രസത്തില്‍ അധികം നില്‍ക്കുന്ന ഉപ്പുരസം കുറയും.
- ഉരുളക്കിഴങ്ങ് പച്ചയ്ക്ക് – തൊലികളഞ്ഞ് വൃത്തിയാക്കിയ ഒരു ഉരുളക്കിഴങ് പല കഷണങ്ങളാക്കി ഉപ്പുകൂടിയ കറികളില്‍ നിക്ഷേപിക്കുക. 20 മിനിറ്റ് അനക്കാതെ വച്ചേക്കണം. അധികമായ ഉപ്പെല്ലാം ഉരുളക്കിഴങ്ങ് വലിച്ചെടുത്തോളും. ഒന്നു കൂടി ഉപ്പുനോക്കി വിളമ്പാം.
- തൈര് – ഒരു ടീസ്പൂണ്‍ സാധാരണ തൈര് കറിയില്‍ ചേര്‍ത്ത് അല്‍പനേരം പാചകം ചെയ്യണം. അധിക ഉപ്പ് മാറും.
- അരിപ്പൊടി ഉരുള – അരിപ്പൊടി കുഴച്ച് അഞ്ചോ ആറോ ചെറിയ ഉരുളകളാക്കി കറികളില്‍ ഇടുക. ഉപ്പ് വലിച്ചെടുക്കാന്‍ പ്രത്യേക കഴിവാണ് അരിപ്പൊടി ഉരുളകള്‍ക്ക്. ഉപ്പു കുറഞ്ഞു പോയാല്‍ വീണ്ടും ചേര്‍ക്കാം.
- സവാള – ഒരു ചെറിയ സവാള രണ്ടോ മൂന്നോ ആയി അരിഞ്ഞ് കറിയില്‍ ചേര്‍ക്കുക. പച്ചയ്ക്കോ എണ്ണയില്‍ വറുത്തു കോരിയോ സവാള ഇടാം. അഞ്ചു മിനിറ്റിനു ശേഷം സവാള മാറ്റണം. പെട്ടെന്നു ഉപ്പ് കുറയ്ക്കാം.
- ന്യൂട്രലൈസിങ് ഫ്രഷ് ക്രീം – കറികളിലെ അധിക ഉപ്പ് രസത്തെ നിര്‍വീര്യമാക്കുകയാണ് ഫ്രഷ് ക്രീം ചെയ്യുന്നത്. കറികളില്‍ കൊഴുപ്പു കൂട്ടി ഉപ്പ് രസത്തെ ഇല്ലാതാക്കും ഫ്രഷ് ക്രീം.
- പാല്‍ പ്രയോഗം – രണ്ടു ടീസ്പൂണ്‍ പാല്‍ ഒഴിച്ച് പാകം ചെയ്താലും മതി ഉപ്പ് മാറാന്‍. ഉപ്പുരസം മാറുമെന്നു മാത്രമല്ല, കറിയുടെ മൊത്തത്തിലുള്ള രുചികളെ ഒന്നു ബാലന്‍സ് ചെയ്തു നിര്‍ത്താനും പാല്‍ ഉപകരിക്കും.