Movie News

നിതേഷ് തിവാരിയുടെ രാമായണത്തില്‍ രാവണനാകാന്‍ യാഷ് 150 കോടി വാങ്ങിയോ?

നിതേഷ് തിവാരിയുടെ രാമായണം സിനിമയുമായി ബന്ധപ്പെട്ട് വന്‍ പ്രതീക്ഷയാണ് ബോളിവുഡില്‍ നിന്നും ഉയരുന്നത്. സിനിമയില്‍ കന്നഡ താരം യാഷിന്റെ സാന്നിദ്ധ്യമാണ് തെന്നിന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയതായി പുറത്തുവന്ന റിപ്പോര്‍ട്ട് യാഷ് സിനിമയില്‍ വില്ലനാകുമെന്നും ഇന്ത്യയിലെ തന്നെ ഒരു വില്ലന്‍ വേഷത്തിന് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമാണ് താരം വാങ്ങുന്നതെന്നുമാണ്. എന്നാല്‍ ഈ വാര്‍ത്തകളെ യാഷ് തന്നെ തള്ളുന്നതായി ടൈംസ് നൗ വെളിപ്പെടുത്തുന്നു.

രാവണന്‍ യഥാര്‍ത്ഥത്തില്‍ വില്ലനല്ലെന്നും വൈവിദ്ധ്യമായ വ്യക്തിത്വങ്ങളോട് കൂടിയ ആളാണെന്നും യാഷ് പറയുന്നു. വേഷം തേടിവന്നെങ്കിലും ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ താരം അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഫാന്‍ ക്ലബ്ബുകളുമായി ആലോചിച്ചപ്പോള്‍ അവര്‍ യാഷ് രാവണന്റെ വേഷം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെന്നുമാണ് താരത്തിന്റെ മറുപടി. താന്‍ രാവണനാകുന്നതില്‍ ആരാധകര്‍ക്ക് താല്‍പ്പര്യമില്ലെന്നും തന്നെ രാമനായി കാണാനാണ് അവര്‍ക്ക് ആഗ്രഹമെന്നും യാഷ് പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി 150 കോടി വാഗ്ദാനം കിട്ടിയോ എന്ന ചോദ്യത്തിന് 150 കോടിയോ എന്ന് മറുചോദ്യം എറിഞ്ഞ യാഷ് ഒരു നടന് ഇക്കാലത്ത് അത്രയും തുക നല്‍കാന്‍ ആരാണ് തയ്യാറാകുന്നത് എന്നായിരുന്നു യാഷിന്റെ ചോദ്യം. ഇതെല്ലാം ആരാധകരുടെ ഫാന്റസിയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായിട്ടുള്ള കുസൃതികളുമാണെന്നും താരം പറഞ്ഞു. പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇത്തരം റൂമറുകള്‍ വിനോദ വ്യവസായത്തിന് തന്നെ ഭീഷണിയും അതിനെ തകര്‍ക്കുന്നതുമാണെന്നും നടന്‍ വ്യക്തമാക്കുന്നു.