ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള ക്രിക്കറ്റ് പരമ്പരയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം ഇന്ത്യന്‍ താരങ്ങളും ഓസ്ട്രേലിയന്‍ മാധ്യമങ്ങളും തമ്മിലുള്ള പോര് കൂടിയാണ്. നേരത്തേ സൂപ്പര്‍താരം വിരാട്‌കോഹ്ലി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ ഏറ്റുമുട്ടലിന് പിന്നാലെ ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്രജഡേജയും ഓസീസ് മാധ്യമങ്ങളുടെ അനിഷ്ടത്തിന് ഇരയായി.
തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ വിസമ്മതിച്ചതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ പരിശീലന സെഷനുശേഷം ജഡേജ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജഡേജ സെഷന്‍ അവസാനിപ്പിച്ച് പരിശീലനത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നതുവരെ പത്രസമ്മേളനം സുഗമമായി നടന്നു. ഈ സമയത്ത്, ഒരു ഓസ്ട്രേലിയന്‍ പത്രപ്രവര്‍ത്തകന്‍ നിരാശ പ്രകടിപ്പിച്ചു. ഇംഗ്ലീഷില്‍ നടത്തിയ ചോദ്യങ്ങള്‍ക്കൊന്നും ജഡ്ഡു ഉത്തരം നല്‍കാന്‍ കൂട്ടാക്കിയില്ല. ഇത് ഇയാളെ പ്രകോപിപ്പിച്ചു.
എന്നാല്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യയുടെ മീഡിയ മാനേജര്‍ രംഗത്ത് വന്നു. പ്രാഥമികമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചതെന്നും എന്നാല്‍ ഈ വിശദീകരണം അംഗീകരിക്കാന്‍ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ തയ്യാറായില്ലെന്നും പറഞ്ഞു. ഇതോടെ റിപ്പോര്‍ട്ടര്‍ ഇന്ത്യയുടെ ടീം മീഡിയ മാനേജര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞയാഴ്ചയാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ തന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ എടുക്കരുതെന്ന് വിരാട് കോഹ്ലി ഒരു ഓസ്ട്രേലിയന്‍ റിപ്പോര്‍ട്ടറോട് അഭ്യര്‍ത്ഥിച്ചത്. ഇത് വന്‍ വിവാദമായിരുന്നു. അതേസമയം ഇതാദ്യമായല്ല ഇന്ത്യന്‍ താരങ്ങളും ഓസ്ട്രേലിയന്‍ മാധ്യമങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. പലപ്പോഴും ഓസീസ് ടീമിന് വേണ്ടി പന്ത്രണ്ടാമനാകുന്ന ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ അനേകം സംഭവങ്ങളുണ്ട്.
പരമ്പരയില്‍ നേരത്തെ, മെല്‍ബണ്‍ വിമാനത്താവളത്തില്‍ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ വിരാട് കോലി നേരിട്ടിരുന്നു. തുടക്കത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ സ്‌കോട്ട് ബോലാന്‍ഡിനെ കവര്‍ ചെയ്തിരുന്ന ചാനല്‍ 7 ക്യാമറകള്‍, കോഹ്ലിയിലേക്കും കുടുംബത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് കോഹ്ലിക്ക് സ്വല്‍പം കട്ടിക്ക് തന്നെ പറയേണ്ടി വന്നു. കോഹ്ലിയുടെ മക്കളെ ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്.
2008-ലെ കുപ്രസിദ്ധമായ ‘മങ്കിഗേറ്റ്’ അഴിമതിയും, ഇടയ്ക്കിടെയുള്ള പത്രപ്രവര്‍ത്തന വാക്കേറ്റങ്ങളും പോലെയുള്ള സംഭവങ്ങള്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളും ഇന്ത്യന്‍ കളിക്കാരും തമ്മിലുള്ള തര്‍ക്കപരമായ ബന്ധത്തിന് അടിവരയിടുന്നു. ഈ വിവാദങ്ങള്‍ ഉയര്‍ന്ന മത്സരങ്ങളില്‍ പലപ്പോഴും കടുത്ത മത്സരത്തിന് ഇന്ധനം പകരുന്നു. പരമ്പര 1-1ന് സമനിലയിലായതോടെ, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇതിനകം തന്നെ ഓണ്‍-ഫീല്‍ഡ് നാടകത്തിന്റെ പങ്ക് കണ്ടുകഴിഞ്ഞു.