Celebrity

പ്രത്യേക ജാതിയില്‍ പെട്ടയാളെന്ന് അറിയില്ലായിരുന്നു; മാമന്നനിലെ വേഷത്തെക്കുറിച്ച് ഫഹദ്

‘മാമന്നന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നായകനേക്കാള്‍ ശ്രദ്ധ നേടിയതാരം വില്ലനെ അവതരിപ്പിച്ച ഫഹദ് ഫാസിലായിരുന്നു. എന്നാല്‍ സിനിമ ചെയ്യുമ്പോള്‍ താന്‍ ഒരു പ്രത്യേക ജാതിയില്‍ പെടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കന്നതെന്ന് അറിയില്ലായിരുന്നെന്ന് നടന്‍.

ഒരു അഭിനേതാവിന് അത്തരം കാര്യങ്ങള്‍ അറിയേണ്ടതില്ലെന്ന് ഫിലിം കമ്പാനിയന്‍ സൗത്തിനോട് സംസാരിക്കവെ ‘പുഷ്പ’ താരം പറഞ്ഞു. സംവിധായകന്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’ എന്ന ചിത്രത്തില്‍ രത്‌നവേലു എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചത്. ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരായിരുന്നു ‘മാമന്നന്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെഗറ്റീവ് റോളില്‍ അഭിനയിച്ചിട്ടും ഫഹദിന്റെ കഥാപാത്രത്തിന് പലരുടെയും പ്രശംസ ലഭിച്ചു.

ഒരു കഥാപാത്രത്തെ എങ്ങനെ കാണണം എന്നതില്‍ നടന്മാര്‍ക്ക് നിയന്ത്രണമില്ലെന്ന് ഫഹദ് പറഞ്ഞു. ”’മാമന്നന്‍’ റിലീസിന് ശേഷമാണ് ഞാന്‍ ഒരു പ്രത്യേക ജാതിയില്‍ പെടുന്നയാളായിട്ടാണ് അഭിനയിച്ചതെന്ന് ഞാന്‍ മനസ്സിലാക്കിയത്, കാരണം, ഒരു നടനെന്ന നിലയില്‍ നിങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ അറിയേണ്ടതില്ല. രത്‌നവേലുവിന്റെ ഇരുവശങ്ങളും നിങ്ങള്‍ കാണുന്നു. അതാണോ അദ്ദേഹത്തെ മനുഷ്യനെന്ന നിലയില്‍ കണ്ടുകൊണ്ട് ജനങ്ങളില്‍ പ്രതിധ്വനിപ്പിച്ചതെന്ന് എനിക്കറിയില്ല, സിനിമയുടെ തുടക്കത്തില്‍ അവന്‍ കൊല്ലുന്നത് നിങ്ങള്‍ കാണുന്നു. പിന്നെ നിങ്ങള്‍ അവനെ വളരെ ദുര്‍ബലനായി കാണുന്നു. രത്നവേലുവിന്റെ ദുര്‍ബലമായ വശം കാണിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ആളുകളും അങ്ങനെ തന്നെയാണെന്നും രണ്ട് ആളുകള്‍ക്കും ദുര്‍ബലമായ വശങ്ങളുണ്ടെന്നും കാണിക്കാന്‍ ആഗ്രഹിച്ചു.” താരം പറഞ്ഞു.

അടിച്ചമര്‍ത്തലിനെക്കുറിച്ച് പറയുന്ന ജാതിവിരുദ്ധ സിനിമയാണ് ‘മാമന്നന്‍’. രത്‌നവേലു എന്ന ജാതിവെറിയുള്ള വില്ലനായാണ് ഫഹദ് അഭിനയിച്ചത്. സെല്‍വരാജ് രത്‌നവേലുവിനെ മഹത്വപ്പെടുത്തിയില്ലെങ്കിലും ഇന്റര്‍നെറ്റില്‍ നിരവധി പേര്‍ ആ കഥാപാത്രത്തെ ആഘോഷിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.