ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിക്കുമെന്ന് താൻ മുൻകൂട്ടി പ്രവചിച്ചിരുന്നു എന്ന അവകാശവാദവുമായി പ്രശസ്ത ജ്യോതിഷി പ്രശാന്ത് കിനി രംഗത്തെത്തി. ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 2025 നവംബർ 8 ൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവർത്തിച്ചിരുന്ന ഒരാൾ കൊല്ലപ്പെട്ടേക്കാം എന്നാണ് ജ്യോതിഷി പ്രശാന്ത് കിനി പ്രവചിച്ചത്.
“മുമ്പ് മുഖ്യമന്ത്രിയായോ കേന്ദ്രമന്ത്രിയായോ സേവനമനുഷ്ഠിച്ച ചില ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ മരണപ്പെട്ടേക്കാം…!!” എന്നായിരുന്നു ആ ട്വീറ്റ്.
ഇന്ന് വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിനു ശേഷമാണ് തന്റെ പ്രവചനം പോലെ സംഭവിച്ചെന്ന് ജ്യോതിഷി അവകാശപ്പെട്ടത്. ഒപ്പം അടുത്ത മാസങ്ങളിലേക്കുള്ള മൂന്ന് പ്രവചനങ്ങളും പ്രശാന്ത് കിനി എക്സിൽ കുറിച്ചു. അതേ സമയം, പ്രശാന്ത് കിനിയുടെ അവകാശവാദം പൂർണമായും ശരിയല്ലെന്ന് ഒട്ടേറെപ്പേർ കമന്റുചെയ്തു.
പവാറിന്റെ മരണവാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, തന്റെ പ്രവചനം സത്യമായെന്ന് അവകാശപ്പെട്ട് ജ്യോതിഷി വീണ്ടും ട്വീറ്റ് ചെയ്തു.
“ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ മരിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നു…!! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു…!!” അദ്ദേഹം കുറിച്ചു.
എങ്കിലും, പ്രശാന്ത് കിനിയുടെ ഈ അവകാശവാദം പൂർണ്ണമായും ശരിയല്ലെന്ന് അദ്ദേഹത്തിന്റെ അനുഗാമികളിൽ പലരും ചൂണ്ടിക്കാട്ടി. അജിത് പവാർ ഒരിക്കലും മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയിരുന്നിട്ടില്ലെന്നും അതിനാൽ ഈ പ്രവചനം പരാജയപ്പെട്ടുവെന്നുമാണ് ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
ഇത്തരത്തിലുള്ള അവ്യക്തമായ പ്രവചനങ്ങൾ നടത്താൻ എളുപ്പമാണെന്നും മരണപ്പെടുന്ന വ്യക്തി ഏത് സംസ്ഥാനക്കാരനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ലെന്നും മറ്റുള്ളവർ വിമർശിച്ചു. പ്രശാന്ത് കിനിയുടെ എക്സ് (X) പേജ് നിറയെ ഇത്തരം അശുഭകരമായ പ്രവചനങ്ങളാണ്. 2026 ഏപ്രിലിൽ ബംഗാളിലോ ബംഗ്ലാദേശിലോ യാത്രക്കാരുമായി പോകുന്ന ഒരു ഫെറി മുങ്ങുമെന്നും, അടുത്ത രണ്ട് മാസത്തിനുള്ളിൽ വിമാനാപകടം ഉണ്ടാകുമെന്നും, വരാനിരിക്കുന്ന മാസങ്ങളായ മാർച്ച്, ഓഗസ്റ്റ് അല്ലെങ്കിൽ നവംബർ മാസങ്ങളിൽ വലിയ ട്രെയിൻ അപകടം നടക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്.




