പൗരാണിക ഈജിപ്തില്‍ നൈല്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറന്‍ തീരത്തിനു സമീപത്ത് അല്‍ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്.
ഓസിരസ് എന്ന ദേവതയുടെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. പ്രാചീന ഈജിപ്തുക്കാരെ അപേക്ഷിച്ച് ഓസിരിസ് പാതാളത്തിന്റെ അധിപനാണ്.ഈജിപ്തിലെ ആദ്യത്തെ ഫറവോയെന്ന് കരുതിയിരുന്ന ഓസിരിസ് റാ ദേവന്റെ പുത്രനുമാണ്.
ഈജിപ്തിലെ 19ാം സാമ്രാജ്യത്തിലെ പ്രശസ്ത ഫറവോയായിരുന്നു സെറ്റി ഒന്നാമന്‍ ആബിഡോസ് നഗരത്തില്‍ പ്രശസ്തമായ ദേവാലയം നിര്‍മിച്ചു. ഈ ദേവാലയത്തിന് ഒരുപാട് സവിശേഷതകളുണ്ട്. രാജാക്കന്മാരുടെ പട്ടിക, ഓസീരിയോണ്‍ എന്നു പേരുള്ള വലിയ ഒരു കല്‍ശില്‍പഘടന എന്നിവയെല്ലാം ഇവിടെ കാണാം. ഇവിടെ കാണുന്ന ചില ചുമര്‍ചിത്രങ്ങളാണ് ദേവാലയത്തിന്റെ വലിയ പ്രത്യേകത. അബിഡോസ് കാര്‍വിങ്‌സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഹെലികോപ്റ്റര്‍ ഹീറോഗ്ലിഫിക്‌സ് എന്നാണ് ഈ ഭിത്തിയില്‍ കൊത്തിയെടുത്ത ചിത്രങ്ങള്‍ അറിയപ്പെടുന്നത്.
ഈ ചിത്രങ്ങളിലാവട്ടെ ഇന്നത്തെ ഹെലികോപ്റ്ററുകളെ അനുസ്മരിപ്പിക്കുന്ന ഘടനകള്‍ ഉണ്ടെന്നുള്ളതാണ് ഈ പേരു വരാനുള്ള കാരണം. വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍, അന്യഗ്രഹ പേടകങ്ങള്‍ തുടങ്ങിയവയും ഇതിലുണ്ടെന്നാണ് നിഗൂഢവാദസിദ്ധന്തക്കാര്‍ പറയുന്നത്. പാലിംപ്‌സെസ്റ്റ് തീയറി എന്നാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ ഹീറോഗ്ലിഫിക്‌സ് കൊത്തുപണികള്‍ പല കാലങ്ങളില്‍ പരിഷ്‌കരിക്കപ്പെട്ടിരുന്നെന്നും ഒന്നിനു മുകളില്‍ ഒന്നായി ഇത്തരം കൊത്തുപണികള്‍ വന്നതുമൂലമാണ് ഈ ഘടനയുണ്ടായതെന്നും അവര്‍ വാദിക്കുന്നു.
എന്നാല്‍ ഇടക്കാലത്ത് ഈജിപ്തില്‍ തന്നെയുള്ള കര്‍ണാക്കിലെ ഒരു ദേവാലയത്തിലും ഇത്തരത്തിലുള്ള ചുവര്‍ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെ നിഗൂഢത വീണ്ടും തലപൊക്കി. തുടര്‍ച്ചയായുള്ള കൊത്തുപണികള്‍ കാരണം ആബിഡോസില്‍ ആകസ്മമികമായുണ്ടായതാണ് ഈ ചുവര്‍ചിത്രമെങ്കില്‍ കര്‍ണാക്കിലും അതെങ്ങനെ വന്നു. ഇപ്പോഴും ഇതിന് ഉത്തരം കിട്ടിയട്ടില്ല.