Health

പ്രമേഹ രോഗികളുടെ പാദങ്ങള്‍ക്കുമുണ്ട്‌ മോഹങ്ങള്‍….

പ്രമേഹരോഗികള്‍ക്ക്‌ പാദസംരക്ഷണത്തില്‍ ഏറെ കരുതല്‍ ആവശ്യമാണ്‌. ചെരിപ്പു വാങ്ങുമ്പോള്‍ കാല്‍പാദത്തിന്‌ അനുയോജ്യമായവ വേണം തെരഞ്ഞെടുക്കാന്‍. പാദത്തിലുണ്ടാകുന്ന ചെറിയ മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്‌. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്‌, രക്‌തക്കുഴലുകളുടെ വൈകല്യം, രോഗാണുബാധ തുടങ്ങിയവയാണ്‌ പ്രമേഹരോഗികളുടെ പാദത്തില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതിനും കരിയാതാവുന്നതിനും കാരണം. പ്രായം കൂടുന്നതിനനുസരിച്ച്‌ പ്രമേഹരോഗികള്‍ക്ക്‌ പാദസംരക്ഷണത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്‌.

നാഡീവ്യൂഹങ്ങളുടെ തകരാറാണ്‌ പാദരോഗങ്ങള്‍ക്ക്‌ പ്രധാന കാരണം ശരീരത്തിന്റെ നിദ്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുകയും തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ ശരീരാവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സെന്‍സറി മോട്ടോര്‍ സംവിധാനത്തിന്‌ തകരാര്‍ സംഭവിക്കാം. ഇതുമൂലം ശരീരത്തിലെ പേശീകള്‍ക്ക്‌ പ്രവര്‍ത്തനക്ഷമത നഷ്‌ടമാകുന്നു. ഇതോടൊപ്പം കുടല്‍, ആമാശയം, മൂത്രാശയം, വിയര്‍പ്പുഗ്രന്ഥികള്‍ എന്നിവയെ നിയന്ത്രിക്കുന്ന നാഡികള്‍ക്കും ബലക്ഷയമുണ്ടാകുന്നു.

വിയര്‍പ്പുഗ്രന്ഥികളുടെ പ്രവര്‍ത്തനമാന്ദ്യം

വിയര്‍പ്പുഗ്രന്ഥികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചര്‍മ്മത്തില്‍ ജലാംശം കുറഞ്ഞ്‌ ചര്‍മ്മം വീണ്ടുകീറി മുറിവുകളുണ്ടാകുന്നു. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനതകരാര്‍മൂലം പേശീകള്‍ക്ക്‌ സങ്കോചവികാസ വ്യവസ്‌ഥ പാലിക്കപ്പെടാത്ത സ്‌ഥിതി അംജാതമാകും. ഇത്‌ വിരലുകളുടെ സ്വഭാവിക ആകൃതിക്ക്‌ കോട്ടം തട്ടുന്നതിനു കാരണമാകും. ഇത്തരത്തില്‍ ആകൃതി വ്യതിയാനം സംഭവിച്ച പാദമൂന്നി നടക്കുമ്പോള്‍ ഒരു പ്രത്യേകഭാഗത്ത്‌ കൂടുതല്‍ മര്‍ദം അനുഭവപ്പെടുകയും ഈ ഭാഗത്തെ ചര്‍മ്മത്തിന്‌ കട്ടികൂടി അവിടെ വ്രണം രൂപപ്പെടുകയും ചെയ്യുന്നു. നാഡീതകരാര്‍മൂലം പ്രതികരണശേഷി നഷ്‌ടപ്പെടുന്നതിനാല്‍ ഈ ഭാഗത്ത്‌ വേദന അനുഭവപ്പെടുകയില്ല.

ലക്ഷണങ്ങള്‍ പലത്‌

രക്‌തവാഹിനി കുഴലുകളുടെ തകരാറുമൂലം ഉണ്ടാകുന്ന പാദരോഗങ്ങളില്‍ പാദങ്ങള്‍ക്ക്‌ സംവേദനക്ഷമത നഷ്‌ടപ്പെടുക, ചുവന്നുതടിക്കുക, കുമിളയുണ്ടാവുക, പാദങ്ങളില്‍ വേദന എന്നീ ലക്ഷണങ്ങളാണ്‌ കണ്ടുവരുന്നത്‌.

പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ കാലില്‍ വേദന, ചര്‍മ്മം നേര്‍ത്ത്‌ ചുളിയുക, കാലിലെ രോമം കൊഴിയുക, കാലില്‍ നിറം മാറ്റവും ചൂടും ചെറിയ മുറിവുണ്ടായാല്‍ പഴുക്കുക, കരിയാതെയിരിക്കുക തുടങ്ങിയവയും പ്രമേഹം മുലമുള്ള പാദരോഗങ്ങളുടെ ലക്ഷണമാകാറുണ്ട്‌. പാദത്തില്‍ പുകച്ചില്‍ അനുഭവപ്പെടുന്നത്‌ രോഗലക്ഷണമാണ്‌. രക്‌തത്തിലൂടെ ലഭിക്കേണ്ട ഓക്‌സിജനും മറ്റുഘടകങ്ങളും ശരിയായ അളവില്‍ കിട്ടാതെവരുമ്പോള്‍ ചെറിയ മുറിവുപോലും പഴുക്കുന്നു. പുകവലിക്കാരിലാണ്‌ പാദരോഗം കുടുതലായും കണ്ടുവരുന്നത്‌. ഹൈഹീല്‍ഡ്‌ ചെരിപ്പുകളും ഇറുകിയ ചെരിപ്പുകളും ഉപയോഗിക്കുന്നവരില്‍ പാദരോഗം കൂടുതലാണ്‌.

പരിശോധന നിര്‍ബന്ധം

പാദങ്ങളില്‍ നിറംമാറ്റമോ തുടര്‍ച്ചയായ മരവിപ്പോ പുകച്ചിലോ അനുഭവപ്പെട്ടാല്‍ പരിശോധന ആവശ്യമാണ്‌. പ്രമേഹരോഗികള്‍ക്കുള്ള വാര്‍ഷിക പരിശോധനയാണ്‌ ബയോതെസിയോമെട്രി പരിശോധന. രക്‌തയോട്ടപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പെരിഫറല്‍ ഡ്രോപ്ലര്‍ സിസ്‌റ്റം, പാദത്തിലെ ആണി, പഴുപ്പ്‌, സമ്മര്‍ദ്ദം എന്നിവ കണ്ടുപിടിക്കുന്നതിന്‌ ഫൂട്ട്‌പ്രഷര്‍ ഡിസ്‌ട്രിബ്യൂഷന്‍ മെഷര്‍മെന്റ്‌ എന്നീ പരിശോധനകളാണുള്ളത്‌. കാലിലെ മര്‍ദം മനസിലാക്കി കാലിന്‌ അനുയോജ്യമായ ചെരുപ്പ്‌ തെരഞ്ഞെടുക്കാന്‍ പരിശോധനകള്‍ സഹായിക്കുന്നു. മൈക്രോസെല്ലുലാര്‍ പോളിമര്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പാദരക്ഷകളാണ്‌ പ്രമേഹരോഗികള്‍ക്ക്‌ ഉത്തമം.

ശ്രദ്ധിക്കാന്‍

വീര്യം കുറഞ്ഞ സോപ്പ്‌ ഉപയോഗിച്ച്‌ പാദം ദിവസവും കഴുകി വൃത്തിയാക്കണം. ചെറുചൂടുവെള്ളം വേണം ഉപയോഗിക്കാന്‍.കഴുകിയശേഷം പാദത്തില്‍ ജലാംശം തങ്ങി നില്‍ക്കരുത്‌. വൃത്തിയുള്ള തുണിയുപയോഗിച്ച്‌ ജലാംശം പൂര്‍ണമായും നീക്കം ചെയ്യണം. വിരലുകള്‍ക്കിടയില്‍ നനവ്‌ തങ്ങി നില്‍ക്കാതെ സൂക്ഷിക്കണം.

സ്വയം പരിശോധനയാണ്‌ ഏറ്റവും പ്രധാനം. ദിവസവും പാദം കഴുകുമ്പോള്‍ സൂക്ഷ്‌മമായി പരിശോധിക്കണം. മുറിവുളോ പോറലുകളോ ഇല്ലെന്ന്‌ ഉറപ്പു വരുത്തുക. നഖം യഥാസമയത്ത്‌ വെട്ടിനിര്‍ത്തണം. നഖം ഇരുവശങ്ങളിലേക്കും വളര്‍ന്ന്‌ മാംസത്തിനുള്ളിലേക്ക്‌ ആഴ്‌ന്ന് മുറിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്‌ക്കുന്നതും പാദസംരക്ഷണത്തിന്റെ ഭാഗമാണ്‌.

പ്രമേഹരോഗികള്‍ കാലിലെ നഖം മുറിക്കുമ്പോള്‍ മുറിവുണ്ടാകാതെ ശ്രദ്ധിക്കണം.
എപ്പോഴും ചെരിപ്പ്‌ ധരിക്കുക. നഗ്നപാദമൂന്നി നടക്കുമ്പോള്‍ കല്ലുകള്‍ കുത്തിക്കയറി മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്‌. കാലിന്‌ ഇണങ്ങുന്ന ചെരിപ്പും ഷൂവും മാത്രം ധരിക്കുക. ഇറുകിയവ ധരിക്കരുത്‌.