Movie News

അവഞ്ചേഴ്‌സ് യൂണിവേഴ്‌സിലേക്ക് ധനുഷും ; അടുത്ത ഹോളിവുഡ് സിനിമയ്ക്കായി ആരാധകര്‍ക്ക് കാത്തിരിക്കാം

തമിഴിലെ സൂപ്പര്‍താരം ധനുഷിനെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായ സമയമാണെന്ന് വേണം കരുതാന്‍. താരം സംവിധായകനായ രായന്‍ വന്‍വിജയം നേടി തീയേറ്ററുകളില്‍ പണംവാരുമ്പോള്‍ താരത്തെ അന്വേഷിച്ച് ഹോളിവുഡില്‍ നിന്നുള്ള രണ്ടാമത്തെ വിളിയും. മിക്കവാറും ഹോളിവുഡിലെ ഇതിഹാസനടന്മാരില്‍ ഒരാളായ റോബര്‍ട്ട് ബ്രൗണി ജൂനിയറിനൊപ്പം താരം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവേഞ്ചഴ്‌സ് ഡൂംസ്‌ഡേയില്‍ അഭിനയിക്കാന്‍ റൂസ്സോ ബ്രദേഴ്‌സ് താരവുമായി ചര്‍ച്ചയിലാണെന്നാണ് സൂചനകള്‍. മുമ്പ് ദി ഗ്രേ മാനില്‍ ഒരുമിച്ച് ജോലിചെയ്തതിന്റെ പരിചയമാണ് റൂസ്സോബ്രദേഴ്‌സിനെ ധനുഷിലേക്ക് വീണ്ടുമെത്തിച്ചിരിക്കുന്നത്. ദി ഗ്രേമാനില്‍ ഇന്ത്യന്‍ താരത്തിന്റെ പ്രകടനം നന്നായി പിടിച്ചിരുന്നു. റൂസ്സോ ബ്രദേഴ്‌സ് താരത്തിലേക്ക് വീണ്ടും വന്നതായുള്ള വാര്‍ത്തകള്‍ മാര്‍വല്‍ സിനിമ താരത്തെ മറ്റൊരു പ്രധാനവേഷത്തിലേക്ക് പരിഗണിക്കുന്നു എന്ന് കേള്‍ക്കുന്നത് തന്നെ ധനുഷിന്റെ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമായി മാറിയിട്ടുണ്ട്.

റൂസോ ബ്രദേഴ്സ്, ജോ, ആന്റണി റൂസോ എന്നിവരും റാബര്‍ട്ട് ഡൗണി ജൂനിയറും ഫ്രാഞ്ചൈസിയിലേക്കും എംസിയുവിലേക്കും മടങ്ങിവരുന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഡോക്ടര്‍ ഡൂമിനെ അവതരിപ്പിക്കും. മുമ്പ് എംസിയുവില്‍ അയണ്‍ മാന്‍ ആയി അഭിനയിച്ച നടന്‍ അവഞ്ചേഴ്സ്: ഡൂംസ്ഡേയില്‍ ഡോ ഡൂമായി വേഷമിടും. മാര്‍വല്‍ സ്റ്റുഡിയോസ് മേധാവി കെവിന്‍ ഫെയ്ജും റോബര്‍ട്ട് ഡൗണി ജൂനിയറും സാന്‍ ഡീഗോ കോമിക്-കോണും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.