Movie News

ചതിച്ചെന്ന് ആരോപണം; ധനുഷും വിശാലും ഉള്‍പ്പെടെ നാലു യുവതാരങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ ചുവപ്പുകാര്‍ഡ്

നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തമിഴിലെ നാലു യുവതാരങ്ങള്‍ക്ക് നോട്ടീസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘടന. ധനുഷ്, സിലംബരസന്‍, വിശാല്‍, അഥര്‍വ എന്നിവര്‍ക്കാണ് ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയത്.

ഇന്നലെ ചേര്‍ന്ന എക്സിക്യൂട്ടീവ് ബോഡിയാണ് ഈ തീരുമാനമെടുത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ് സിനിമാ ലോകത്തെയാകെ ഞെട്ടിച്ച വാര്‍ത്തയാണ് ഇത്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയില്‍ 27 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്നാണ് സിമ്പുവിനെതിരേ ഉയര്‍ന്നിരിക്കുന്ന പരാതി. നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പനാണ് പരാതിയുമായി വന്നത്. അന്‍ബാനവന്‍ അടങ്കാധവന്‍ അസരാധവന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന്റെ നിര്‍മ്മാതാവാണ് മൈക്കള്‍ രായപ്പന്‍.

പ്രസിഡന്റായിരിക്കുമ്പോള്‍ അസോസിയേഷന്റെ പണത്തിന്റെ കണക്ക് കാണിച്ചില്ല എന്നതാണ് വിശാലിന് എതിരെയുള്ള പരാതി. മതിയഴകന്‍ പ്രശ്‌നത്തിന് അഥര്‍വയ്ക്കും പണികിട്ടി. 2023 ജൂണില്‍ ഉണ്ടായ വിഷയത്തില്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ടിഎഫ്പിസി സിമ്പു, വിശാല്‍, എസ്.ജെ.സൂര്യ, അഥര്‍വ, യോഗിബാബു തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

റെഡ് കാര്‍ഡ് കാണിക്കുക എന്നു പറഞ്ഞാല്‍ ഒരു നിര്‍മ്മാതാവിന്റെ കൂടെയും ഇവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ല. അതേസമയം നിര്‍മ്മാതാക്കള്‍ക്കെതിരേ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം തുടങ്ങിയിട്ടുണ്ട്.