ഇരുപത്തിയാറുകാരിയായ മോഡലിന് വിവാഹിതനായ 38 കാരനുമായി പ്രണയം. അവസാനം കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തി. ദാരുണ സംഭവം നടക്കുന്നത് 2018 ലാണ്. കേസില്‍ മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും കാമുകനുമടക്കം ആറു പേര്‍ക്ക് ജീവപരന്ത്യം തടവ് കോടതി വിധിച്ചു. ഏയ്ഞ്ചല്‍ ഗുപ്തയുടെ കാമുകന്‍ 38 കാരനായ മഞ്ജീത് സിങിന്റെ ഭാര്യ സുനിതയെയാണ് ഇരുവരും ചേര്‍ന്ന് വാടകകൊലയാളികളെ വച്ച് വെടിവച്ച് കൊല്ലുന്നത്.
ചെറിയ സിനിമകളിലും ഐറ്റം ഗാനങ്ങളിലും മാഗസിൻ കവർ ഫീച്ചറുകളിലും മുഖം കാണിച്ചാണ് ഏഞ്ചല്‍ ഗുപ്ത വളര്‍ന്നു വന്നത് . മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഏയ്ഞ്ചല്‍ പിന്നീട് ഡല്‍ഹിയിലേക്ക് മാറി. ഏഞ്ചലിന്റെ അച്ഛന്‍ ഇന്ത്യക്കാരനും അമ്മ ബ്രിട്ടീഷുകാരിയുമായിരുന്നു. ശശിപ്രഭ എന്നാണ് ഇവരുടെ ഔദ്യോഗിക പേരെങ്കിലും സിനിമാ മോഹങ്ങള്‍ ഏയ്ഞ്ചല്‍ എന്ന പേരിലേക്ക് മാറാന്‍ കാരണമായി.
ഡല്‍ഹിയില്‍വച്ചാണ് വസ്തു ബ്രോക്കറായ മന്‍ജീതിനെ ഏയ്ഞ്ചല്‍ പരിചയപ്പെടുന്നത്. സിനിമകളിലൊക്കെ കാണുന്നതുപോലെയായിരുന്നു പ്രണയതളതിന്റെ തുടക്കം. ഒരു ദിവസം രാത്രി, ഗുഡ്ഗാവിലെ ക്ലബിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ശല്യം ചെയ്യാനെത്തിയവരില്‍ നിന്നും ഏയ്ഞ്ചലിനെ രക്ഷപ്പെടുത്തിയത് മഞ്ജീതായിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയമായി മാറിയത്. മന്‍ജീത് വിവാഹിതനാണെന്നും 16 വയസുള്ള മകളുടെ പിതാവാണെന്നും ഏയ്ഞ്ചല്‍ ഗുപ്ത അറിഞ്ഞിരുന്നു. ഭാര്യയുമായുള്ള ബന്ധവും കാമുകിക്കൊപ്പമുള്ള ജീവിതവും ഒരുപോലെ കൊണ്ടുപോയത് മഞ്ജീതിന്റെ ദാമ്പത്യ ജീവിതത്തെ ബാധിച്ചു.
ഒന്നുകില്‍ കാമുകിയോടൊപ്പം ജീവിക്കുക അല്ലെങ്കില്‍ സുനിതയുടെയും മകളുടെയും ഒപ്പം പോവുക. തീരുമാനമെടുക്കാന്‍ ഏയ്ഞ്ചലിന്റെ പിതാവായ രാജീവ് നിര്‍ബന്ധിപ്പിച്ചതോടെയാണ് ഇരുവരും സുനിതയെ ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്. രാജീവിന്റെ ഡ്രൈവറുടെ സഹായത്തോടെ വാടക കൊലയാളികളെ ഏർപ്പാടാക്കി. 10 ലക്ഷം രൂപയ്ക്കാണ് സംഘം ദൗത്യം ഏറ്റെടുത്തത്. സ്കൂള്‍ ടീച്ചറായിരുന്ന സുനിതയെ ബവാനയിലെ തെരുവിൽവച്ച് വെടിവച്ചു കൊല്ലുകയായിരുന്നു.
പണവും ഫോണും നഷ്ടമാവാത്തതിനാല്‍ കൊലപാതകത്തിന് പിന്നില്‍ മോഷണ ലക്ഷ്യമില്ലെന്ന് പൊലീസ് ഉറപ്പിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ സുനിതയുടെ ഡയറിയിൽ നിന്നാണ് ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ പറ്റിയും ഏയ്ഞ്ചലുമായുള്ള ബന്ധവും പൊലീസ് അറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലില്‍ മഞ്ജീത് കുറ്റം സമ്മതിച്ചതോടെ ഓരോരുത്തരായി പിടിയിലായി.
വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ഏഴു വര്‍ഷത്തിന് ശേഷമാണ് ഡൽഹിയിലെ കോടതി ഏഞ്ചൽ, മഞ്ജീത്, രാജീവ്, ഡ്രൈവർ ദീപക്, വാടക കൊലയാളികളായ വിശാൽ, ഷെഹ്‌സാദ് എന്നിവരെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചത്.